Latest NewsEditorial

സാലറി ചലഞ്ച് പിടിച്ചുപറിയാകാതിരിക്കാന്‍ ഈ വിധി അനിവാര്യം

സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാറിന് തിരിച്ചടി. സാലറി ചലഞ്ച് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ സമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. വിസമ്മത പത്രം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. സാലറി ചലഞ്ചിന് സമ്മതമുള്ളവര്‍ സര്‍ക്കാറിനെ അറിയിച്ചാല്‍ മതിയെന്നും പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി. വിസമ്മതപത്രം നല്‍കി സ്വയം അപമാനിതര്‍ ആകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ശമ്പളം നല്‍കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ കൊണ്ടും പണം നല്‍കാന്‍ കഴിയാത്തവരുണ്ടാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

പ്രളയദുരന്തത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനായി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നിന്നുള്ള സഹായം അഭ്യര്‍ത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെ ഏറെ പ്രതിഷേധവും എതിര്‍പ്പും ഉണ്ടാക്കിയത് സാലറി ചലഞ്ചായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുക എന്നതാണ് സാലറി ചലഞ്ച്. സ്വമേധയാ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഇതിന്റെ സ്വഭാവം മാറുകയായിരുന്നു. എല്ലാവരും ശമ്പളം സംഭാവനയായി നല്‍കണമെന്നും പറ്റാത്തവര്‍ വിസമ്മതം രേഖാമൂലം അറിയിക്കണമെന്നുമായിരുന്നു അടുത്ത നിര്‍ദേശം. ഇതിനെ ചോദ്യം ചെയ്ത് വിസമ്മതം അറിയിച്ചവര്‍ക്കെതിരെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ കൂടി എടുത്തതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി നടപടിയുണ്ടായിരിക്കുന്നത്.

 

സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. കോടതി ചെലവ് മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കണമെന്നും വിസമ്മതപത്രം തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല ധനമന്ത്രി ഡോ.തോമസ് ഐസക് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുടെ പ്രസ്താവന പിന്തുണയ്ക്കപ്പെടേണ്ടതാണ്. പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുന്നോട്ട് വരാത്ത കേരളീയരുണ്ടാകുകയില്ല. തങ്ങളാല്‍ കഴിയും വിധം സഹായം ചെയ്തിട്ടുണ്ടെന്നും ഒരു മാസത്തെ ശമ്പളം വീണ്ടും ആവശ്യപ്പെടുന്നത് തങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കുമെന്നും പലരും വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതൊന്നും കേള്‍ക്കാനോ അംഗീകരിക്കാനോ തയ്യാറാകാതെയാണ് ജീവനക്കാരുടെ ഇടത് ആഭിമുഖ്യമുള്ള സംഘടനകള്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന ഭീഷണിയുമായി എത്തിയത്. ഇല്ലെങ്കില്‍ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഇടയുണ്ടെന്ന സൂചനയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നു. പത്തമാസമായിട്ടാണ് ശമ്പളം നല്‍കേണ്ടതെങ്കിലും വായ്പയും മറ്റുമുള്ളവര്‍ക്ക് അത് ബജറ്റിനെ താളം തെറ്റിക്കുന്നത് തന്നെയായിരുന്നു.

എന്തായാലും സുപ്രീംകോടതി വിധി വന്നതോടെ സര്‍ക്കാരിന് അത് കനത്ത തിരിച്ചടി തന്നെയായി. വിധി തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്കും സമ്മതിച്ചു. സര്‍ക്കാര്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് കോടതി എടുത്തത്. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം ശമ്പളം ഈടാക്കൂ എന്നും അദ്ദേഹം പറഞ്ഞു. കിട്ടിയതില്‍ 454 കോടി രൂപ ദുരിതാശ്വാസത്തിനായി ചെലവഴിച്ചു. മഹാഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടണ്ടെന്നും ഐസക് വ്യക്തമാക്കി. കോടതി ചോദിച്ചതുപോലെതന്നെ കിട്ടുന്ന ധനം ദുരിതാശ്വാസത്തിന് തന്നെയാണോ ചെലവഴിക്കുന്നതെന്ന സംശയം ജനങ്ങള്‍ക്കുമുണ്ട്. ഇടത് സംഘടനകളെയും ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രതികാരനടപടികളും പേടിച്ച് പലരും മൗനം പാലിക്കുകയായിരുന്നു. സ്ഥലം മാറ്റം ഭയന്നാണ് സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതെന്ന് മിക്കവരും തുറന്നു സമ്മതിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ പാര്‍ട്ടിപിരിവ് പോലെ നിര്‍ബന്ധിച്ച് തുക സമാഹരിക്കാന്‍ കൂട്ടുനില്‍ക്കാന്‍ പാടില്ല തന്നെ. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരുകള്‍ ചില ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയതും ശക്തമായ വിയോജിപ്പിന് കാരണമായി.

 

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരോട് മക്കള്‍ ചോദിക്കുമെന്ന് ധാര്‍മികമായ വശം ചൂണ്ടിക്കാട്ടി തങ്ങള്‍ ശമ്പളം നല്‍കണമെന്ന് ആരെയും നിര്‍ബന്ധിക്കില്ലെന്നും സ്വയം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഓഫീസുകളില്‍ പാര്‍ട്ടി സംഘടനകള്‍ അത് പാടേ തൂത്തെറിഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് മാത്രമല്ല ചെറിയ കാര്യങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പാര്‍ട്ടിക്കാര്‍ ബക്കറ്റ് പിരിവ് എടുക്കുന്നത് കാലങ്ങളായുള്ള ശീലമാണ്. ബക്കറ്റ് പിരിവിന് പുറമേ ജീവനക്കാരുടെ സമ്മതമില്ലാതെ തന്നെ ചെറുതല്ലാത്ത തുക എഴുതി നല്‍കുന്ന ശീലവുമുണ്ട് ഓഫീസുകളില്‍. ഇതും കടന്ന് ജീവനക്കാരെ നിര്ബന്ധിച്ച് പാര്‍ട്ടി പത്രം ദേശാഭിമാനിയുടെ വരിക്കാരാക്കുക എന്ന വിനോദവും സിപിഎം സംഘടനകള്‍ കാലങ്ങളായി ചെയ്തുവരുന്നുണ്ട്. ഇവയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല എന്നതാണ് ഇവരുടെ ധൈര്യം. ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികാര നടപടി ഉറപ്പാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്തായലും ജീവനക്കാരെ ധര്‍മസംഘടത്തിലാക്കിയ സാലറി ചലഞ്ചില്‍ സുപ്രീംകോടതി ഇടപെട്ടു എന്നത് ആയിരക്കണക്കിന് വരുന്ന ജീവനക്കാര്‍ക്ക് എത്രയോ ആശ്വാസകരമാണ്. എന്ത് വില കൊടുത്തും കോടതി വിധികള്‍ നടപ്പിലാക്കുമെന്ന് ഉറപ്പിച്ചു പറയുന്ന സര്‍ക്കാര്‍ ഈ വിധിയും ആത്മാര്‍ത്ഥമായി നടപ്പിലാക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button