വീണ്ടും ഒരു കേരളപ്പിറവി ദിനം വരവായി. കേരളം 62ആമത്തെ വയസിലേക്ക് കടക്കുന്ന വേളയിൽ കേരളപ്പിറവിയുടെ ചരിത്രത്തെ കുറിച്ച് അറിയാതെ പോകരുത്. 1956 – ലെ പുനഃസംഘടന നിയമമാണ് പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം എന്ന് ചരിത്രം പറയുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാന്‍ ഇന്ത്യാഗവൺമെന്റ് തീരുമാനമെടുത്തതോടെ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. കേരള സംസ്ഥാനം രൂപപെട്ട സമയത്തെ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. 5 ജില്ലകൾ മാത്രമാണ് ആദ്യമുണ്ടായിരുന്നത്. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം.
1953-ലാണ് ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്രു എന്നിവർ അംഗങ്ങളായ സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്. ശേഷം കമ്മീഷന് കേരളസംസ്ഥാന രൂപവത്കരണത്തിനുള്ള ശുപാർശ സഹിതം 1955-സെപ്റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി.
പതിമൂന്നു മാസം കഴിഞ്ഞ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയപ്പോള്‍ തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം ചേർക്കപ്പെടുകയും കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ചെയ്തു.
തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് വിരമിച്ചു. രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു സംസ്ഥാനത്തിന്റെ തലവന്‍ ആദ്യ ഗവർണറായി. സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് കെ.ടി കോശി, ആദ്യ ചീഫ് സെക്രട്ടറി എൻ.ഇ.എസ്. രാഘവാചാരി. ആദ്യ പോലീസ് ഐ ജി എൻ. ചന്ദ്രശേഖരൻനായർ എന്നിവരായിരുന്നു. 1957 ഫെബ്രുവരി 28-നു നടന്ന കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിലേറി.
Post Your Comments