പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ കരുതലോടെയുള്ള തീരുമാനവുമായി സര്‍ക്കാര്‍. എന്ത് വന്നാലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇതോടെ നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ സംഘര്‍ഷത്തിനുള്ള സാധ്യത ഏറെയാണ്. അതിനിടെ സുരക്ഷാചുമതലയ്ക്കായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചു.
സന്നിധാനത്ത് ഐ.ജി. പി.വിജയനും പമ്പയില്‍ എറണാകുളം റൂറല്‍ കമ്മിഷണര്‍ രാഹുല്‍ ആര്‍.നായരും ചുമതല വഹിക്കും.തുലാമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സുരക്ഷാചുമതലയുണ്ടായിരുന്ന ഐ.ജി. എസ്.ശ്രീജിത്തിന് സ്‌പെഷല്‍ ഡ്യൂട്ടി നല്‍കിയിട്ടില്ല. പൊലീസ് നടപടികളില്‍ എതിര്‍പ്പ് വാങ്ങിയ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് ഏബ്രഹാമിനും പ്രത്യേക ചുമതലയില്ല.
നാലാം തീയതി മുതല്‍ ശബരിമലയും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കാനാണ് തീരുമാനം. മരക്കൂട്ടത്ത് ഐ.പി.എസ്. ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള സുരക്ഷ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.ക്കാണ് നല്‍കിയിരിക്കുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്തു വന്നതും, രഥയാത്രയിലൂടെ അയോദ്ധ്യ മോഡല്‍ പ്രക്ഷോഭത്തിന് ബിജെപി നീങ്ങുന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്.
ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ കരുതലോടെയുള്ള ഇടപെടല്‍ നടത്തുന്നത്. ഐജി വിജയനും രാഹുല്‍ ആര്‍ നായരും കടുത്ത വിശ്വാസികളാണ്. വിജയന് ശബരിമലയില്‍ നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുണ്ട്. സന്നിധാനത്തെ കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന ഉദ്യോഗസ്ഥന്‍. ഇത് പരിഗണിച്ചാണ് വിജയനെ സന്നിധാനത്ത് നിയോഗിക്കുന്നത്. പുതിയ ടീം സന്നിധാനത്തും പമ്പയിലുമെത്തുമ്പോള്‍ കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അടുത്ത നട തുറക്കലിനും വലിയൊരു സംഘം പൊലീസിനെ നിയോഗിക്കും.
സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്യും. ശബരിമലയിലെ തുലാമാസ പൂജകള്‍ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി തുടരുകയാണ്. ഇതുവരെ അറസ്റ്റിലായത് 3345 പേരാണ്. 517 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റുചെയ്തത്. അറസ്റ്റിലായവരില്‍ 122 പേര്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു.
Post Your Comments