KeralaLatest NewsIndia

ശബരിമല വിഷയം : നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അതേ സമയം യുവതികളെ പ്രവേശിപ്പിക്കരുതെന്നു കാണിച്ച് മട്ടാഞ്ചേരി സ്വദേശിനി ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്. അതേ സമയം യുവതികളെ പ്രവേശിപ്പിക്കരുതെന്നു കാണിച്ച് മട്ടാഞ്ചേരി സ്വദേശിനി ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.

യുവതിപ്രവേശനത്തിനെതിരായ നാമജപസമരത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് കാണിച്ച ഹര്‍ജിയിലും സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും.നിരപരാധികളെ അറസ്റ്റുചെയ്യുന്നു എന്നു വ്യക്തമാക്കി പത്തനംതിട്ട സ്വദേശികള്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് താക്കീത് നല്‍കിയിരുന്നു.ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് മൂന്നാമത്തെ ഹര്‍ജി.

അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യമുന്നയിച്ചാണ് നാലാമത്തെ ഹര്‍ജി.ഹിന്ദുയുവതികളെ മാത്രം പ്രവേശിപ്പിക്കണമെന്ന് സുപ്രിംകോടതി വിധി നിലനില്‍ക്കെ മറ്റു മതസ്ഥരെ പ്രവേശിപ്പിക്കുന്നത് സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നാലു ഹര്‍ജിയിലും സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button