Latest NewsPen Vishayam

മാന്യതയുടെ മുഖമൂടി വൃക്ഷങ്ങളെ പിഴുതെറിയുന്ന ‘മീ ടൂ’വിനെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്

നീ മാത്രമല്ല ഞാനുമനുഭവിച്ചിട്ടുണ്ടെന്ന ദൃഢമായ ഒരു സമാശ്വാസിപ്പിക്കൽ,അല്ലെങ്കിൽ നിന്നെ പോലെ തന്നെ എനിക്കും അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന ധൈര്യപൂർവുമായ വെളിപ്പെടുത്തലുകളുടെ ,ശക്തമായ പെൺമുന്നേറ്റത്തിന്റെ ഇടിമുഴക്കമാണ് മീ ടൂ തുറന്നുപറച്ചിലുകളുടേത്.നാണക്കേട് കൊണ്ടും ഭീതി കൊണ്ടും പലരും ഒളിപ്പിച്ചുവെച്ചിരുന്ന സ്വകാര്യതകൾ മറനീക്കി പുറത്തുവരുമ്പോൾ അത് ആർത്തലച്ചുവരുന്നൊരു മഴവെള്ളപ്പാച്ചിലായി മാറി മാന്യതയുടെ മുഖംമൂടിവൃക്ഷങ്ങളെ പിഴുതെറിയുന്നു.

സമൂഹമാധ്യമങ്ങളിലെ പുത്തൻ വിപ്ലവമായ മീ ടൂ തുറന്നുപറച്ചിൽ അതിക്രമങ്ങളെന്നത് മൂടിവെയ്ക്കപ്പെടേണ്ടതല്ലെന്നും അത് സമൂഹത്തിൽ തുറന്ന് പറയേണ്ടതാണെന്നും ഓരോ പെണ്ണിനെയും പഠിപ്പിക്കുന്നു.പുരുഷാധിപത്യ മനോഭാവങ്ങള്‍ കൊണ്ട് നൂറ്റാണ്ടുകളായി കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു സമൂഹത്തിന് മുന്നില്‍ ചെന്ന് താന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്നൊരു തുറന്ന് പറച്ചില്‍ നടത്തുക ഒരു സ്ത്രീയ്ക്കും എളുപ്പമുളള കാര്യമല്ല. എന്നിട്ടും ധൈര്യപൂര്‍വ്വം പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറയുന്നുവെങ്കിൽ അത്തരമനുഭവങ്ങളെ സ്വകാര്യമായി ഒളിപ്പിച്ചു വച്ച ഓരോ നിമിഷവും അവരനുഭവിച്ച നോവും അപമാനത്തിന്റെ പൊള്ളലും എത്ര വലുതായിരിക്കും. ഭയന്ന് ഒളിച്ച് വെച്ചതെല്ലാം തുറന്ന് കാട്ടാന്‍, പൊയ്മുഖങ്ങള്‍ വലിച്ച് കീറാന്‍ ഓരോ പെണ്ണും തയ്യാറാവുന്നത് ആത്മനിന്ദയുടെ നെരിപ്പോടിനുള്ളിൽ വെന്തുനീറിയിട്ടു തന്നെയാവണം.

ഒരിക്കൽ തന്നെ അപമാനത്തിന്റെ കയത്തിൽ തള്ളിയിട്ട,ആത്മനിന്ദയുടെ കയ്പുനീർ കുടിപ്പിച്ച ഒരുവൻ സമൂഹത്തിനു മുന്നിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സൽഗുണസമ്പന്നനായി കളം നിറഞ്ഞാടുമ്പോൾ പ്രതികരിക്കാനാവാതെ നിശബ്ദം നിന്ന ഓരോ പെണ്ണിന്റെയുള്ളിലും ഉണ്ടായിരുന്നു പ്രതികാരത്തിന്റെ കരിമേഘക്കാറുകൾ.ഒരുപക്ഷേ അന്നവളെ നിശബ്ദമാക്കിയ സാഹചര്യങ്ങൾ പലതായിരിക്കാം.അതിൽ ഏറ്റവും വലുത് നമ്മുടെ പൊതുബോധത്തിലൂന്നിയ കപടസദാചാരവാദമായിരുന്നു.

അന്ന് സൂര്യനെല്ലിയിലെ പെണ്‍പൂവ് നാല്‍പത്തിയൊന്നു ദിവസത്തെ ദുരിതപര്‍വ്വവും താണ്ടി ജീവിച്ചിരിക്കുന്ന മൃതശരീരമായി നമുക്ക് അരികില്‍ വന്നപ്പോള്‍ അവളെ പതിതയായി കണ്ടു അകറ്റിനിറുത്താന്‍ നമ്മള്‍ ശ്രമിച്ചിരുന്നുവല്ലോ.

പതിനാലുവയസ്സിന്റെ ആ ചാപല്യത്തെ,പുഴുക്കുത്തേറ്റ ആ പൂവിനെ, കാമത്തിന് വശംവദയായ ഒരുവളായി ചിത്രീകരിക്കാന്‍ നീതിപീഠവും തയ്യാറായി..സ്മാര്‍ത്തവിചാരണയ്ക്കിടെ വന്ന ചില പേരുകള്‍ മായ്ക്കാന്‍ മത്സരിച്ച ഭരണവര്‍ഗ്ഗം അവളെ സമൂഹത്തിനു മുന്നില്‍ ഭ്രഷ്ടയാക്കി.രാഷ്ട്രീയത്തിലെ ആ അതികായന്റെ പേര് അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ അധികാരവര്‍ഗ്ഗം അവളെ വെറുമൊരു തേവിടിശ്ശിയാക്കി അവരോധിച്ചു .. ഡല്‍ഹിയില്‍ പിടിപ്പാടുള്ള ആ നേതാവിന് വേണ്ടി കള്ളസാക്ഷ്യം പറഞ്ഞ പത്രോസ് ആയി ചങ്ങനാശേരിയിലെ പോപ്പ് ..ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്തു പെണ്ണരകള്‍ തേടി നടക്കുന്ന രാഷ്ട്രീയക്കോമരങ്ങളുടെ നാട്ടില്‍ അവളുടെ വാക്കിനു വിലയില്ലാതെയായി..ഇന്നും മുഖമില്ലാത്തവളായി അവള്‍ നമുക്കൊപ്പം ജീവിക്കുന്നു.പിന്നെയും വന്നു നമുക്ക് മുന്നില്‍ മുഖമില്ലാത്ത നിരവധിപേര്‍..അവരെയൊക്കെയും നമ്മള്‍ വിതുര,കോതമംഗലം,പറവൂര്‍ പെണ്‍കുട്ടികള്‍ എന്ന് വിളിച്ചു,അവരുടെ പീഡനപര്‍വങ്ങളുടെ കഥകള്‍ നമുക്ക് വൈകുന്നേരങ്ങളിലെ രസമുള്ള സംസാരവിഷയമായി.സായാഹ്നപത്രങ്ങള്‍ ചൂടോടെ വിളമ്പിയ മാദകരസക്കൂട്ടുകള്‍ ചായക്കടകളിലെ ആവിപ്പറക്കുന്ന ചായയ്ക്കൊപ്പം മൊത്തിക്കുടിക്കുന്ന രസമായി മാറി.നമ്മുടെ പൊതുബോധം അന്നൊന്നും ഇരയ്ക്കൊപ്പം നില്ക്കാനുള്ള മനസ്സു കാണിച്ചിരുന്നില്ലല്ലോ?

ഇന്നും നമ്മുടെ സമൂഹം വിപ്ലവാത്‌മകമായ ഈ മുന്നേറ്റത്തോട് പിന്തിരിഞ്ഞു തന്നെയാണ് നില്ക്കുന്നത്.ഓരോ തുറന്നുപറച്ചിലുകൾക്കും നമ്മൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലപ്പാവ് നല്കി വിവാദത്തിന്റെ മാലപ്പടക്കം കൊളുത്താൻ മാത്രം ശ്രമിക്കുന്നു.അലൻസിയറിന്റെയും മുകേഷിന്റെയും പേരുകൾ സംഘപരിവാർ ആഘോഷിക്കുമ്പോൾ അക്ബറിന്റെയും രാഹുൽ ഈശ്വറിന്റെയും പേരുകൾ ഇടതുപക്ഷം കൊണ്ടാടുന്നു.മാറ്റം തുടങ്ങേണ്ടത് സമൂഹത്തിൽ നിന്നുമാണ്.

വളയിട്ട കൈകള്‍ കരുത്തുതെളിയിക്കേണ്ടത് ഫെമിനിസം എന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളിലൂടെയല്ല..ചുംബനസമരത്തിലൂടെയോ ലിവിംഗ് ടുഗെദറിലൂടെയോ വസ്ത്രസ്വാതന്ത്ര്യത്തിലൂടെയോയല്ല സ്ത്രീ ശാക്തീകരണം വരേണ്ടത് .ഇവിടെ രാഷ്ട്രീയമല്ല നോക്കേണ്ടത്.. ആളൂരിനെ പോലുള്ള വക്കീലന്മാര്‍ ഉള്ളപ്പോള്‍ നോട്ടുകെട്ടുകളുടെ ബലത്തില്‍ ഏതൊരു പെണ്ണിന്റെയും മടിക്കുത്ത് അഴിക്കാന്‍ തന്റേടം കാട്ടുന്ന പരനാറികള്‍ക്ക്‌ നീതിപീഠം ശിക്ഷ നല്‍കുമെന്ന് വിശ്വസിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുന്നില്ല..അപ്പോള്‍ നമ്മള്‍ സ്ത്രീകള്‍ തന്നെ സ്വയം രക്ഷയ്ക്കൊപ്പം പ്രതിരോധം തീര്‍ത്തേ കഴിയൂ. ഒറ്റപ്പെടുത്തല്‍ തുടങ്ങേണ്ടത് അവനവന്റെ കുടുംബത്തില്‍ നിന്നുതന്നെയാണ് ..ഇന്ന് നിങ്ങളുടെ സഹോദരന്റെയോ മകന്റെയോ ഭര്‍ത്താവിന്റെയോ കൊള്ളരുതായ്മകള്‍ക്ക് നേരെ നിങ്ങള്‍ കണ്ണടയ്ക്കുമ്പോള്‍ ,പ്രതികരിക്കാതെ അവനു മൂന്നുനേരം വിളമ്പുമ്പോള്‍ ഒന്നോര്‍ക്കുക നാളെ നിങ്ങളുടെ മകളും ഇതുപോല പിച്ചിയെറിയപ്പെടാം,അപഹാസ്യയും അപമാനിക്കപ്പെട്ടവളുമായി മാറിയേക്കാം ..കാരണം ഒരു കുറ്റവാളിയ്ക്ക് നേരെ നമ്മള്‍ കണ്ണടയ്ക്കുമ്പോള്‍ ഒന്‍പതു കുറ്റവാളികള്‍ പുതുതായി സൃഷ്ടിക്കപ്പെടുന്നു ..

shortlink

Related Articles

Post Your Comments

Related Articles


Back to top button