നെയ്യാറ്റിൻകര: സ്പെഷ്യൽ ഒളിംപിക്സ് ദേശീയ നീന്തൽ താരം സൂര്യ ഇനി കടലുകൾ കടന്ന് ലോക സ്പെഷ്യൽ ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി നീന്തും. മുംബൈ അന്തേരി സ്പോൾസ് കോംപ്ലക്സിൽ വച്ച് ഈ മാസം 20 മുതൽ തുടങ്ങിയ ലോക ഒളിംപിക്സിൽ പങ്കെടുക്കേണ്ടവരുടെ അഞ്ചാം ഘട്ട പരിശീലന ക്യാമ്പിൽ സൂര്യ ഇപ്പോൾ പങ്കെടുക്കുകയാണ്.
2015ൽ കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ നീന്തൽ മത്സരത്തിലാണ് സൂര്യ ആദ്യമായി മത്സരിച്ചത്.പിന്നീട് 2016ൽ മുംബൈയിൽ വച്ച് നടന്ന ദേശീയ ‘സ്പെഷ്യൽ ഒളിംപിക്സ് നീന്തലിൽ ഫ്രീസ്റ്റൈൽ, ബാക്ക്സ്ട്രോക്ക് എന്നീ ഇനങ്ങളിൽ സ്വർണ്ണം നേടിയിരുന്നു. 2017ൽ ഗോവയിലും, 2018ൽ ഉത്തരാഖണ്ഡിലും രാജസ്ഥാനിലും വച്ച് നടന്ന ദേശീയ നീന്തൽ ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. ഇനി 2019 -ൽ അബുദാബിയിൽ വച്ച് നടക്കുന്ന ലോക സ്പെഷ്യൽ ഒളിംപിക്സിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് സൂര്യ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ അമരവിള കാരുണ്യ റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളിലെ പ്രീ വൊക്കേഷണൽ വിഭാഗം വിദ്യാർത്ഥിയാണ് സൂര്യ. സൂര്യയുടെ നീന്തലിലുള്ള കഴിവ് മനസിലാക്കിയ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. കേരളത്തിൽ നിന്നും സൂര്യ ഉൾപ്പെടെ രണ്ടു പേരാണ് നീന്തലിൽ മത്സരിക്കാൻ ഒരുക്കുന്നത്. കേരളത്തിൽ നിന്നും നീന്തലിൽ പങ്കെടുക്കുന്ന ഏക വനിതാ നീന്തൽ താരമാണ് സൂര്യ. 50 മീറ്റർ ഫ്രീ സ്റ്റെൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക് 4 X 50 റിലേ തുടങ്ങിയ നീന്തൽ ഇനങ്ങളിലാണ് സൂര്യ ഇന്ത്യയ്ക്കു വേണ്ടി നീന്താൻ ഒരുങ്ങുന്നത്.
നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശിയായ മേഹനന്റെയും അംബികയുടെയും മകളാണ് ഈ ദേശീയ നീന്തൽ താരം. അന്തർദേശീയ ഒളിംപിക്സിൽ അവസരം നേടി സൂര്യ 28 ന് നാട്ടിൽ എത്തും.
Post Your Comments