തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം അപലപനീയമാണെന്നും വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയതെന്നും ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല. സംഭവത്തില്‍ അതിശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല യുവതി പ്രവേശത്തെ സന്ദീപാനന്ദ ഗിരി അനുകൂലിച്ചിരുന്നു. ഈ വിഷയത്തില്‍ ബിജെപിക്കും സംഘപരിവാറിനും എതിരായി സന്ദീപാനന്ദ ഗിരി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു ഭീഷണി ഉണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം നടന്നത്. കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിനു മുന്നില്‍ റീത്ത് വച്ചിട്ടുണ്ട്. അക്രമികള്‍ വാഹനത്തിലാണ് എത്തിയതെന്നു കരുതുന്നു. തീയിട്ടതിനു ശേഷം അക്രമികള്‍ ഓടി രക്ഷപെട്ടു. തീ പടരുന്നതുകണ്ടാണ് സന്ദീപാനന്ദ ഗിരിയും ആശ്രമത്തിലെ അന്തേവാസികളും ഇറങ്ങിവന്നത്. ഇതോടെ ഫയര്‍ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments