ഉത്തർപ്രദേശ്: പരപുരുഷ ബന്ധമില്ലെന്ന് തെളിയിക്കാൻ ഭര്‍തൃ മാതാവ് മരുമകളെ അഗ്‌നിപരീക്ഷയ്ക്കിരയാക്കി. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിനി സുമാനിക്കാണ് ഭര്‍തൃമാതാവില്‍ നിന്നും അഗ്നിപരീക്ഷ നേരിടേണ്ടി വന്നത്. വീടിനടുത്തുള്ള മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് അമ്മായിയമ്മ മരുമകളുടെ കൈവെള്ളയില്‍ വിറക് കൊള്ളികൊണ്ട് ക്രൂരമായി പൊള്ളിച്ചത്. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് അമ്മായിയമ്മ തന്നെ നിരന്തരം ദേഹോപദ്രവം ചെയ്യുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തിരുന്നതായും സുമാനി പരാതിയില്‍ പറയുന്നു.
കൈ പൊള്ളിയില്ലെങ്കില്‍ വ്യഭിചരിച്ചിട്ടില്ലെന്ന് വിശ്വസിക്കാമെന്നാണ് മന്ത്രവാദി പറഞ്ഞതെന്നും അയാളുടെ വാക്ക് കേട്ട് ഭര്‍തൃമാതാവ് വിറകുകൊള്ളി വെച്ച് പൊള്ളിക്കുകയായിരുന്നു എന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മഥുര സ്വദേശിയായ ജയ്‌വീറും സുമാനിയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് വീട്ടുകാരുടെയും സമ്മതപ്രകാരമുള്ള വിവാഹമായിരുന്നു അത്. അന്നേ ദിവസം തന്നെ സുമാനിയുടെ സഹോദരി പുഷ്പയും ജയ്‌വീറിന്റെ സഹോദരന്‍ യഷ് വീറുമായുള്ള വിവാഹവും നടന്നിരുന്നു.
തുടർന്ന് ഭര്‍തൃ മാതാവ് സുമാനിയെ വ്യഭിചാരം ചെയ്യുന്നവളാണെന്ന് ആരോപിച്ച് നിരന്തരം പീഡിപ്പിക്കാന്‍ തുടങ്ങി. ഒരിക്കല്‍ താന്‍ ഉറങ്ങിക്കിടന്നപ്പേള്‍ ഭര്‍ത്താവ് കത്തികൊണ്ട് തന്റെ കൈത്തണ്ട മുറിച്ചുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നും സുമാനി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments