തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പാര്‍ട്ടി പ്രത്യയശാസ്ത്രം തിരുകി കയറ്റാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ ഇവ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു വിഭാഗം നീക്കം ആരംഭിച്ചതായി എക്സ്പ്രസ്സ് കേരള റിപ്പോർട്ട് ചെയ്യുന്നു. അടുത്ത അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പാഠ പുസ്തകങ്ങളിലാണ് കരിക്കുലം കമ്മിറ്റിയെ അറിയിക്കാതെ മാറ്റങ്ങള്‍ വരുത്തിരിക്കുന്നത്.
നിലവില്‍ എസ്‌ഇആര്‍ടിയും കരിക്കുലം കമ്മിറ്റിയും ചേര്‍ന്നാണ് പാഠപുസ്തകങ്ങളിലെ ഭാഗങ്ങള്‍ തയ്യാറാക്കുക. എന്നാല്‍ ഇത്തവണ കരിക്കുലം കമ്മിറ്റിയുമായി ചര്‍ച്ച നടത്താതെയാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കുന്നത്. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് കരിക്കുലം കമ്മിറ്റി അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു വിഭാഗം അധ്യാപക സംഘടനകള്‍ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്. മലയാളം, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലാണ് വലിയ മാറ്റങ്ങള്‍ നടന്നിരിക്കുന്നത്.
ഗാന്ധിജി, നെഹ്രു, കുഞ്ഞാലി മരക്കാര്‍, വേലുത്തമ്പി ദളവ, സൈനുദ്ദീന്‍ മഖ്ദും, ചേറ്റൂര്‍ ശങ്കരന്‍ തുടങ്ങിയവരെക്കുറിച്ചുളള പാഠഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ചരിത്രപുരുഷന്മാരെ പാഠപുസ്തകങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി. ഇതിന് പകരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളായ എകെജി, ഇം.എസ്.നമ്പൂതിരിപ്പാട് എന്നിവരെ പഠന വിഷയമാക്കി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
ഇടത് ആശയങ്ങളും ഇടതുപക്ഷ ചരിത്രകാരന്മാരുടെ ഏകപക്ഷീയ നിലപാടുകളും പാഠപുസ്തകങ്ങളില്‍ കുത്തിനിറയ്ക്കാനാണ് ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകളും പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു.ചരിത്രത്തെ വികലമായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
അതേസമയം, കാലങ്ങളായി വരുത്തുന്ന പരിഷ്‌കരണത്തിന്റെ ഭാഗമാണ് ഇതെന്നാണ് സര്‍ക്കാര്‍ നിലപാട്. എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നത് യുഡിഎഫ്, ബിജെപി അനുകൂല അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് വഴിവെക്കുമെന്നാണ് സൂചന .
Post Your Comments