കൊച്ചി: ശബരിമലയില്‍ സംരക്ഷിക്കപ്പെടേണ്ടത് വിശ്വാസമാണെന്ന് ഡോ. സുല്‍ഫി നൂഹു. ആചാരങ്ങളില്‍ നിയമങ്ങള്‍ കൈകടത്തുമ്പോള്‍ മിത വിശ്വാസിയായ തനിക്കു പോലു അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശബരിമല വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കുന്ന് കുറിപ്പ് ചേര്‍ത്തിരിക്കുന്നത്.
നിസ്‌കാരത്തിനു മുമ്പ് ദേഹ ശുദ്ധി വരുത്തുന്ന ഇസ്ലാം മതത്തിലുള്ളവരോട് ഇനി മുതല്‍ അവയില്‍ ഏതെങ്കിലും വേണ്ട് എന്നു പറഞ്ഞാന്‍ എന്താണ് ഉണ്ടാവുക എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അവിശ്വാസമാണ് ഫാഷന്‍. അവിശ്വാസം ഫാഷന്‍ ആയപ്പോള്‍ ശരിക്കുമുള്ള വിശ്വാസികള്‍ നിശബ്ദരായി പിന്നോക്കം വലിഞ്ഞു. ശരിക്കുമുള്ള വിശ്വാസികളെ കുറിച്ചാണെ ഞാന്‍ പറഞ്ഞത്!ഞാന്‍ പറയുന്നത് തീവ്ര വിശ്വാസികളെ കുറിച്ചേയല്ല. നിരീശ്വര വാദം പറയുന്നവരെപ്പോലെ തന്നെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും അവകാശമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
അശോകന്റെ ശബരിമല
====================
അശോകന്‍ എന്റെ സഹപാഠിയും അയല്‍വാസിയും ഒക്കെ ആയിരുന്നു .ശബരിമല എന്നിലേക്ക് എത്തിയിരുന്നത് അശോകനിലൂടെ ആണ്.
നാലാം തരത്തില്‍ പഠിക്കുമ്പോള്‍ എപ്പോഴോ ആയിരുന്നിരിക്കണം അയല്‍ വീട്ടില്‍ നിന്നും ഉയര്‍ന്നുവരുന്ന ശരണംവിളി ഞാനാദ്യം കേള്‍ക്കുന്നത് .ആ ശരണംവിളിയിലെ ഒരു താളവും അതിലെ ഈണവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
അശോകന്റെ വീട്ടില്‍ നിന്നായിരുന്നു ആ ശരണംവിളി.
അടുക്കളയിലേക്ക് ഓടി അമ്മയോട് ഒരു ചോദ്യം എറിഞ്ഞു.
”എന്താ അമ്മേ അപ്പുറത്തെ വിളി?” അമ്മയുടെ ഉത്തരം വളരെ വ്യക്തമായിരുന്നു ”അശോകനും അച്ഛനുമൊക്കെ ശബരിമലയ്ക്ക് പോവുകയാണ് അതിന്റെ പ്രാര്‍ത്ഥനയാണ് കേട്ടത്.”
ശരണംവിളി എന്നില്‍ വീണ്ടും സംശയം ഉണര്‍ത്തി.
”എന്തായി ശബരിമല”? അമ്മയുടെ ഉത്തരം പെട്ടെന്നു വന്നു.
” നമ്മുടെ വലിയപള്ളി പോലെ അവരുടെ വലിയ അമ്പലമാ ശബരിമല”
വീണ്ടും ശരണംവിളി കേള്‍ക്കുവാനായി ഞാന്‍ വാതില്‍പ്പടിയിലേയ്ക്ക് ഓടിച്ചെന്നു .
”സ്വാമിയേ അയ്യപ്പൊ !അയ്യപ്പൊ സ്വാമിയെ ‘
‘സ്വാമി ശരണം അയ്യപ്പശരണം”
താളം തെറ്റാതെ ശരണം വിളിച്ചു കറുത്ത വസ്ത്രം ധരിച്ച് മലയ്ക്കു പോകുന്ന അശോകനെ ഞാന്‍ അസൂയയോടു കൂടി കണ്ടുനിന്നു
രണ്ടുദിവസം കഴിഞ്ഞ് മടങ്ങിവന്ന അശോകന്റെ വീട്ടില്‍നിന്നും കൊണ്ടുവന്ന അരവണപ്പായസമായിരുന്നു എന്റെ മറ്റൊരത്ഭുതം.
അരവണ പായസത്തിന് രുചി വാക്കിലും മനസ്സിലും ശരീരത്തിലും പടര്‍ന്നുപിടിച്ച ഞാന്‍ ഇപ്പോഴും അരവണ പായസം കണ്ടാല്‍ അവിടേക്ക് ഓടി അടുക്കും . പിന്നീട് എല്ലാ കൊല്ലവും മണ്ഡല കാലമാകുമ്പോള്‍ അശോകന്റെ വീട്ടില്‍നിന്നും പരിസരങ്ങളില്‍നിന്നും ഉയരുന്ന ശരണംവിളികള്‍ എനിക്കേറെ ഇഷ്ടമായിരുന്നു .അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു.
ശബരിമലയിലെ പ്രശ്‌നങ്ങള്‍ എല്ലാവരേയുംപോലെ എന്നെയും വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
എനിക്ക് അഞ്ചുനേരം നിസ്‌കരിക്കാന്‍ കഴിയാറില്ല.ആഗ്രഹം ഉണ്ടാകാതെ അല്ല. പള്ളിയില്‍പോകുന്നത്അപൂര്‍വ്വമായിട്ടാണ് .നോമ്പ് പിടിക്കുന്നതും അപൂര്‍വ്വം. ഹജ്ജിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സമായമായില്ല എന്നു തോന്നുന്നു.
എങ്കിലും ഞാന്‍ എന്നെ കാണുന്നത് ഒരു വിശ്വാസി ആയിട്ടാണ്
മതപണ്ഡിതന്മാരുടെ നിര്‍വചനങ്ങളില്‍ ഞാന്‍ ആ ഗണത്തില്‍ പെടില്ലെങ്കിലും,കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്ന നിര്‍വചനത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഞാന്‍ വിശ്വാസി തന്നെയാണ് .
എല്ലാത്തിനും മുകളില്‍ ഉള്ള ശക്തിയെ കൃഷ്ണനെന്നോ ,അയ്യപ്പ സ്വാമിയെന്നോ ,യേശുവെന്നോ ,അള്ളാഹു വെന്നോ വിളിക്കപെടട്ടെ,ആ ശക്തിയെ വിശ്വസിക്കണം.അതായിരുന്നു അമ്മയുടെ അതിര്‍ വരമ്പുകള്‍.
അതവിടെ നില്‍ക്കട്ടെ
ഇപ്പോള്‍ അവിശ്വാസമാണ് ഫാഷന്‍.
അവിശ്വാസം ഫാഷന്‍ ആയപ്പോള്‍ ശരിക്കുമുള്ള വിശ്വാസികള്‍ നിശബ്ദരായി പിന്നോക്കം വലിഞ്ഞു.
ശരിക്കുമുള്ള വിശ്വാസികളെ കുറിച്ചാണെ ഞാന്‍ പറഞ്ഞത്!ഞാന്‍ പറയുന്നത് തീവ്ര വിശ്വാസികളെ കുറിച്ചേയല്ല.
നിരീശ്വര വാദം പറയുന്നവരെപ്പോലെ തന്നെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും അവകാശമുണ്ട്.
ശബരിമലയില്‍ സ്ത്രീള്‍ അടുത്തകാലത്തൊന്നും പോകാറില്ലായിരുന്നു എന്നുള്ളത് ഒരു സത്യമാണ്. അത് ഒരു വിശ്വാസത്തിന്റെ ഭാഗവുമാണെന്ന് പലരും കരുതുന്നു. .അതിനാല്‍തന്നെ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ പോകുന്നത് വിശ്വാസത്തിന്റെ ഭാഗമാകുന്നില്ല എന്നുള്ളതിനാല്‍ അത് ഒഴിവാക്കേണ്ടതാണ് എന്നുതന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ഈപ്പറഞ്ഞതിന് അര്‍ത്ഥം, ഞാന്‍ ഒരു പുരുഷ പക്ഷ വാദിയെന്നോ സ്ത്രീ വിരുദ്ധനെന്നോ അല്ലേയല്ല.
ഇനി ഒരുപക്ഷെ ഞാനിതു പറയുമ്പോള്‍ സ്ത്രീ സമത്വവാദികളായ എന്റെ സ്ത്രീ, പുരുഷ സുഹൃത്തുക്കള്‍ക്ക് എന്നോട് നീരസം തോന്നുകയൊന്നും വേണ്ട.
ഒന്നുകൂടി വ്യക്തമാക്കിയാല്‍ ,സ്ത്രീ സമത്വവാദി തന്നെയായി നിലനില്‍കുമ്പോള്‍ തന്നെ , വിശ്വാസങ്ങള്‍ ലംഘിക്കപ്പെടുന്നത് ധാരാളം ആള്‍ക്കാരുടെ മനസ്സില്‍ മുറിവുകള്‍ ഉണ്ടാക്കുമെങ്കില്‍ അത് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ് .
പക്ഷേ
അന്ധവിശ്വാസങ്ങളും
ആശാസ്ത്രീയതയും
മത മൗലിക വാദങ്ങളും
എതിര്‍ക്കപ്പെടേണ്ടത് കൂടിയാണ്.
അപ്പോള്‍ മറ്റൊന്നു കൂടി കേള്‍ക്കണം.ഇടയ്ക്ക് എനിക്ക് ഉണ്ടാകുന്ന ചെറിയ സംശയം!
ഇസ്ലാം മതസ്ഥര്‍ നമസ്‌കാരം ചെയ്യുന്നതിനുമുമ്പ് ശരീരം ശുദ്ധിയാക്കുന്ന പ്രക്രിയകളില്‍ പല ഘട്ടങ്ങളുണ്ട്. കൈ കഴുകുക ,മുഖം കഴുകുക , വായ് കഴുകുക തുടങ്ങി പല ഘട്ടങ്ങള്‍ .
ഒരു സുപ്രഭാതത്തില്‍ കോടതി പറയുകയാണെന്ന് കരുതൂ, നാളെമുതല്‍ പള്ളിയില്‍ കയറുമ്പോള്‍ കയ്യും കാലും മാത്രം കഴുകിയാല്‍ മതി ,നിസ്‌കാരത്തിനു മുന്‍പ് , എന്നു പറഞ്ഞാലോ ?
മറ്റു ഭാഗങ്ങള്‍ ശുദ്ധീകരിക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞാല്‍ ….
ബാക്കി നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ !
അങ്ങനെ ഒരു നിരീക്ഷണം ഉണ്ടായാല്‍ ഒരു ”മിത” വിശ്വാസിയായ എനിക്ക് പോലും വേദന ഉണ്ടായെക്കാം.
അതുപോലെ വിശ്വാസികളുടെ ഇടനെഞ്ചു കളെ കീറിമുറിക്കുന്ന ഒരു വിധിയായിരുന്നു ബഹുമാന്യ സുപ്രീം കോടതി പ്രഖ്യാപിച്ചത് എന്ന് പറയാതെവയ്യ.
ആര്‍ത്തവം അശുദ്ധിയല്ല എന്നുള്ള ശാസ്ത്രീയതയില്‍ അടിവരയിട്ടുകൊണ്ടുതന്നെ ,
ശബരിമല മുന്‍കാലങ്ങളിലെപ്പോലെ ശാന്തമായി തുടരണം !
.വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് തന്നെ പ്രാര്‍ത്ഥിക്കാനും കഴിയണം.
അശോകന് എല്ലാക്കൊല്ലവും എനിക്ക് അരവണപ്പായസം കൊണ്ടുവരുവാനും കഴിയണം
ഡോ സുല്‍ഫി നൂഹു
Post Your Comments