തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ മണ്ഡലമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിയ്ക്കാന്‍ സിപിഎം അണികളെ നിയമിക്കുമെന്നത് വ്യാജ പ്രചരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സിപിഎം പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുമെന്ന വാര്‍ത്ത ശുദ്ധ നുണയാണെന്നാണ് മന്ത്രിയുടെ വാദം. ഏതെങ്കിലും ഗൂഢ ലക്ഷ്യത്തോടെ സിപിഎമ്മിന് ശബരിമലയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ശബരിമലയിലേക്ക് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുന്നുവെന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി ശബരിമലയില്‍ കരാറടിസ്ഥാനത്തില്‍ പോകുന്ന കുറേ ആള്‍ക്കാരുണ്ട്. അവര്‍ക്ക് തുച്ഛമായ വേതനമാണ് കിട്ടുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെയാണ് അവരവിടെ പ്രവര്‍ത്തിക്കുന്നത്. അതില്‍ സിപിഎം അനുഭാവികളുണ്ടാകാമെന്നല്ലാതെ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. സിപിഎം പ്രവര്‍ത്തകരെ ദേവസ്വം ബോര്‍ഡിന്റെ കരാര്‍ ജീവനക്കാരായി അയക്കുന്നുവെന്ന വാര്‍ത്ത തികച്ചും വ്യാജപ്രചരണം മാത്രമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെയ്ക്കാന്‍ പോകുന്നു എന്നതും വ്യാജപ്രചരണമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് ഇതു വരെ നേരിട്ടിട്ടില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ നേരിടുന്നതെന്നും പ്രതിസന്ധികളും പ്രയാസങ്ങളും ഭരണാധികാരിക്ക് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അക്കാരണത്താല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments