ഹ്യൂണ്ടായിയുടെ പുതിയ സാന്‍ട്രോയാണ് വാഹന വിപണിയിലെ പുതിയ താരമായിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്‍പന അവസാനിപ്പിച്ച സാന്‍ട്രോ പുതുപുത്തന്‍ മോഡലുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സാന്‍ട്രോയുടെ വിപണി മൂല്യം കുതിച്ചു. കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കിയ സാന്‍ട്രോയ്ക്ക് 23,500 യൂണിറ്റിലേറെ ബുക്കിങ്ങാണ് ഇതിനോടകം ലഭിച്ചത്. ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ച ബുക്കിങ് വെറും 13 ദിവസത്തിനുള്ളിലാണ് ഇത്രയധികം യൂണിറ്റ് പിന്നിട്ടത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ആദ്യം വിറ്റഴിക്കുന്ന 50,000 സാന്‍ട്രോ കാറുകള്‍ക്ക് വിലക്കിഴിവും ഹ്യുണ്ടായ് വാഗ്ദാനം ചെയ്തിരുന്നു.
ചെറു ഹാച്ച്ബാക്കുകള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയില്‍ ഉപഭോക്താക്കളുടെ മനസ്സ് മനസിലാക്കി അതിനൊത്ത എല്ലാ സൗകര്യങ്ങളും കുറഞ്ഞ വിലയില്‍ ഉള്‍പ്പെടുത്തിയതാണ് സാന്‍ട്രോയ്ക്ക് തുണയായതെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ മൈലേജ് നല്‍കുന്ന മലിനീകരണം കുറയ്ക്കുന്ന സിഎന്‍ജി പതിപ്പ്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് 2018 സാന്‍ട്രോയുടെ പ്രധാന സവിശേഷതകള്‍.
ഹ്യുണ്ടായുടെ ആദ്യ ഓട്ടോമാറ്റിക് കാറാണിത്. ഡിലൈറ്റ്, എറ, മാഗ്ന, സ്പോര്‍ട്ട്സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക് 3.89 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന സ്പോര്‍ട്ട്സ് സിഎന്‍ജിക്ക് 5.64 ലക്ഷവും.
ഗ്രാന്റ് ഐ 10 മോഡലിനോട് ചെറിയ സാമ്യമുള്ളതാണ് സാന്‍ട്രോയുടെ സ്റ്റൈലിഷ് പുറംമോടി. മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലാണ് നിര്‍മാണം. പഴയ സാന്‍ട്രോയെക്കാള്‍ നീളവും വീതിയും പുതിയ മോഡലിനുണ്ട്. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്. 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്‍ജിന്‍. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സിഎന്‍ജി പതിപ്പ് 59 ബിഎച്ച്പി പവറും 84 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 30.5 കിലോമീറ്റര്‍ മൈലേജാണ് സിഎന്‍ജി വകഭേദത്തില്‍ കമ്പനി പറയുന്നത്.
Post Your Comments