തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്തു പോലീസ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയിൽ എത്തിയത്.
സന്നിധാനത്തു തീര്‍ഥാടകര്‍ക്കു ചെലവഴിക്കാനുള്ള സമയം നിയന്ത്രിക്കുമെന്നാണ് സൂചന. 24 മണിക്കൂറിനപ്പുറം ആരേയും സന്നിധാനത്തു തങ്ങാന്‍ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് നല്കരുതെന്നു ലോഡ്ജ് ഉടമകള്‍ക്കു കർശന നിർദേശം നൽകും. നിലയ്ക്കല്‍ മുതലുള്ള തീര്‍ഥാടക തിരക്കു നിയന്ത്രിക്കാൻ പോലീസ് മുന്‍കരുതല്‍ സ്വീകരിക്കും. നിര്‍ദേശങ്ങള്‍ പോലീസ് സര്‍ക്കാരിനു സമര്‍പ്പിച്ചു. അതോടൊപ്പം തന്നെ പമ്പയിൽ കൂടുതൽ വനിത പൊലീസുകാരെ വിന്യസിക്കേണ്ടതില്ലെന്നും വിലയിരുത്തി.
കൂടാതെ ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും ധാരണ. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍ അന്വേഷണം ഉണ്ടാകും. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി പ്രതീക്ഷിക്കാം.
Post Your Comments