Latest NewsArticle

ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന്‍, അങ്ങ് ഞങ്ങളുടെ മുഖ്യമന്ത്രിയാണ് പാര്‍ട്ടി സഖാവല്ല

ശബരിമലയില്‍ ഒരില അനങ്ങിയാല്‍പ്പോലും കേരളം ആടിയുലയുന്ന അവസ്ഥയില്‍ ഇത്രയും ലാഘവത്തോടെ അത്രമേല്‍ ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റേത് ഇരട്ടച്ചങ്കാണെന്ന് പറയുന്നവരോട് അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടി പരിശോധിപ്പിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രശ്നത്തില്‍ സംയമനത്തോടെയും സമചിത്തതയോടെയും പ്രവര്‍ത്തിക്കുക എന്നതാണ് ഒരു ഉത്തമ ഭരണാധികാരിക്ക് ചേര്‍ന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഒട്ടും പരിചയമില്ലാത്ത വാക്കുകളാണ് അവ രണ്ടും. അനുരഞ്ജനവും തന്ത്രവും വിട്ടുവീഴ്ച്ചയുമൊക്കെയാണ് ഒരു രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നത്. ഇതിന് തയ്യാറാകാത്ത ഇരുവിഭാഗം ഏറ്റുമുട്ടുമ്പോള്‍ എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. ശബരിമല വിഷയത്തില്‍ കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം കവലപ്രസംഗത്തേക്കാള്‍ തരംതാണുപോയി എന്ന് പറയാതെ വയ്യ. അതേസമയം ധീരനായ ഭരണാധികാരിയുടെ ദൃഡനിശ്ചയത്തിന്റെ ഉറച്ച ശബ്ദമെന്ന് അതിനെ പുകഴ്ത്തുന്നവര്‍ക്ക് നാടിനോടല്ല ചുവപ്പ് കൊടിയോട് മാത്രമാണ് പ്രതിബദ്ധതയെന്ന് വ്യക്തം. നാട്ടില്‍ സമാധാനവും സുരക്ഷയും നിലനില്‍ക്കണമെങ്കില്‍ എല്ലാ വിഭാഗത്തേയും വിശ്വാസത്തിലെടുക്കുകയും ആരുടെയും വികാരം വ്രണപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. പക്ഷേ ഭരണാധിപന്‍ തന്നെ ഇതു രണ്ടും തകര്‍ക്കുന്ന രീതിയില്‍ പെരുമാറുമ്പോള്‍ ജനങ്ങള്‍ ആരെ വിശ്വസിച്ചാണ് സമാധാനമായി ഇരിക്കേണ്ടത്.

അത് സ്വാമി ഭക്തിയല്ല സഖാവേ

വിശ്വാസികള്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും അതത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തന്ത്രിമാര്‍ക്കും പ്രാധാന്യവും ബഹുമാനവും നല്‍കുന്നതിനെ സ്വാമി ഭക്തിയോ സവര്‍ണമേധാവിത്വമോ ആയി വ്യാഖ്യാനിക്കുന്നത് ഉചിതമല്ല. ശബരിമല തന്ത്രികുടുംബത്തോടും പന്തളം കൊട്ടാരത്തോടും മുഖ്യമന്ത്രി കരുതുന്നതുപോലെ ആശ്രിത വാത്സല്യമോ സ്വാമി ഭക്തിയോ അല്ല ഭക്തജനങ്ങള്‍ക്കുള്ളത്. അത് വിധേയത്വമോ അടിമത്തമോ അല്ല. അറിവില്ലായ്മയും അല്ല. ഒരു പരിധി കഴിഞ്ഞാല്‍ അങ്ങോട്ട് മാറി നില്‍ക്കൂ എന്നു പറയാനുള്ള ധൈര്യവും അവകാശവുമുണ്ട് അതിന് പിന്നില്‍. പക്ഷേ ആ വിധേയത്വത്തിന്റെ എത്രയോ മടങ്ങധികം അടിമത്തം കൂടിയാണ് പാവം ജനങ്ങള്‍ക്ക് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്നില്‍ കാട്ടേണ്ടി വരുന്നത്. തങ്ങളുടെ വോട്ടുകൊണ്ട് അധികാരത്തില്‍ വന്നവനെ തൊഴുന്നതിനേക്കാള്‍ വലിയ മാനക്കേടെന്തുണ്ട്. ആ വിധേയത്വമാണ് രാജഭക്തിയേക്കാള്‍ ഭീകരം. അത് അവസാനിപ്പിക്കാന്‍ കഴിയുമോ മിസ്റ്റര്‍ പിണറായി നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനോ അല്ലെങ്കില്‍ പ്രസ്ഥാനത്തിനോ….

ആ അധിക്ഷേപം മുഖ്യമന്ത്രിക്ക് ചേര്‍ന്നതോ

അതിനൊക്കെ അപ്പുറം ഒരു വ്യക്തിയെ പരസ്യമായി ഒരു പൊതുവേദിയില്‍ അപമാനിക്കുക എന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. ജനാധിപത്യ വ്യവസ്ഥയില്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. ആ കോടതി ഗൂഢാലോചന എന്ന് വിധിച്ച കേസിലെ ഒരു വ്യക്തിയെ മുഖ്യമന്ത്രി തന്നെ അപഹസിക്കുന്ന സാഹചര്യം എത്രമാത്രം പരിതാപകരമാണ്. 2006 ലെ ബ്ലാക്മെയിലിംഗ് കേസിനെ തുടര്‍ന്ന് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കര്‍മ്മങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. തന്ത്രിയെ ഫ്ലാറ്റില്‍ എത്തിച്ച് ഒരു സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വര്‍ണഭാരണവും തട്ടിയെടുക്കുകയായിരുന്നു. കേസില്‍ തന്ത്രിയെ മന:പൂര്‍വ്വം കുടുക്കിയതാണെന്ന് തെളിയുകയും പ്രതികളെ എര്‍ണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു. ഇനി ഒരു വ്യക്തി തെറ്റുകാരനാണെങ്കില്‍ തന്നെ അത് പരസ്യമായി പൊതുവേദിയില്‍ വിളിച്ചു പറഞ്ഞ് അധിക്ഷേപിക്കുന്നതാണോ മാന്യത. കൊടുംകുറ്റവാളികളുടെ പോലും മനുഷ്യാവകാശം സംരക്ഷിക്കാന്‍ നിയമപോരാട്ടം നടക്കുന്ന നാട്ടിലാണിതെന്ന് കൂടി ഓര്‍ക്കുക. ഇതൊക്കെ പ്രബുദ്ധ കേരളത്തിന് അറിയാഞ്ഞല്ല. പക്ഷേ പറഞ്ഞത് പിണറായി ആയതുകൊണ്ടും ആരോപിതന്‍ സവര്‍ണനാണെന്നതും പുരോഗമനവിഭാഗത്തിനിടയില്‍ അതിന്റെ സ്വീകാര്യത ഇരട്ടിയാക്കും

ദേവസ്വം ബോര്‍ഡ് പിന്നെയും ചങ്ങലയില്‍

സര്‍ക്കാര്‍ പുന:പരിശോധനാഹര്‍ജി നല്‍കില്ലെന്ന് തീര്‍ത്തും ഉറപ്പിച്ചുപറഞ്ഞ പിണറായി പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. റിപ്പോര്‍ട്ടും കൊണ്ടുപോയാല്‍ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണം. ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മുഖ്യമന്ത്രി ദേവസ്വംബോര്‍ഡിനു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമലയെന്നും അത് ദേവസ്വം ബോര്‍ഡിന്റേതാണെന്നുമാണ് മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നത്. സാമൂഹിക പരിഷ്‌കരണത്തിന് എതിരെ യാഥാസ്ഥിതികര്‍ എല്ലാക്കാലത്തും പ്രതിഷേധിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ തയാറല്ല. അങ്ങനെ ചെയ്താല്‍ നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തലാകുമതെന്നും പിണറായി ചൂണ്ടിക്കാണിക്കുന്നു.

അനിഷ്ടമായതൊന്നും നടക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുണ്ടാകണം

സുപ്രീംകോടതി വിധിയോട് അനാദരവ് കാണിക്കണമെന്ന് ആരും പറയുന്നില്ല. അത് നടപ്പിലാക്കണം എന്ന് വാശിപിടിക്കേണ്ട ആവശ്യവുമില്ല. നിയമത്തിന് അനുസൃതമായി സൗകര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. ആ സൗകര്യങ്ങള്‍ക്കായി അല്‍പ്പം സാവകാശമെങ്കിലും വാങ്ങാനുള്ള മനസ് പക്ഷേ സര്‍ക്കാരിനുണ്ടാകണമായിരുന്നു. പിണറായി ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്ന രീതിയില്‍ മന്ത്രിസഭയിലും ഘടകകക്ഷികള്‍ക്കിടയില്‍പ്പോലും അതൃപ്തിയുണ്ട് . എന്നിട്ടും അല്‍പ്പം പോലും വിട്ടുവീഴ്ച്ചയില്ലാതെ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന പിന്നെയും പിന്നെയും മുഖ്യമന്ത്രി പറയുമ്പോള്‍ ജീവന്‍ നഷ്ടമായാല്‍പ്പോലും ഒരു യുവതിയെപ്പോലും പ്രവേശിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരായ വിശ്വാസികളുടെ പക്ഷം. രണ്ട് കൂട്ടര്‍ക്കും ഒരുപക്ഷേ നാളെ വിട്ടുവീഴ്ച്ചയോ അഭിപ്രായ സമന്വയമോ ഉണ്ടായേക്കാം. പക്ഷേ അതിന് മുമ്പ് ശബരിമലയില്‍ അനിഷ്ടമായതൊന്നും നടക്കില്ലെന്ന് ഉറപ്പിച്ചു പറയാനുള്ള ധൈര്യം കൂടി മുഖ്യമന്ത്രിക്കുണ്ടാകണം. ശബരിമല ദര്‍ശനത്തിനു വരുന്ന ഭക്തര്‍ക്കു സുരക്ഷയും ശാന്തിയും സൗകര്യവും സര്‍ക്കാര്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. പക്ഷേ അതിന് പിണറായിയുടെ പൊലീസിന് കഴിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തെളിഞ്ഞതാണ്.

pinarayi

സന്നിധാനത്തില്‍ ചില ക്രിമിനലുകള്‍ തമ്പടിച്ചിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് ശരിയാകും. പക്ഷേ അവരെ കണ്ടെത്തി അവിടെ നിന്ന് പുറത്താക്കാന്‍ കഴിയുമോ അദ്ദേഹത്തിന്. ആരാണ് ക്രിമിനലുകള്‍ ആരാണ് വിശ്വാസികള്‍ എന്നൊക്കെ ആ ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും മനസിലാകുമെന്നും തോന്നുന്നില്ല. ശബരിമലയെ തകര്‍ക്കാന്‍ കിട്ടിയ സുവര്‍ണാവസരമാണ് പലര്‍ക്കുമിത്. മുമ്പ് തന്നെ ഭീകരാക്രമണ ഭീഷണി നേരിടുന്ന ദേവാലയങ്ങല്‍ ശബരിമലയുണ്ടെന്ന്ത് മറന്നുപോകരുത്. തീവ്രവാദികള്‍ അയ്യപ്പവേഷത്തില്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കടന്നു കൂടിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നത് ഓര്‍ക്കാന്‍ കൂടി കഴിയില്ല. ശബരിമലയില്‍ ഒരില അനങ്ങിയാല്‍പ്പോലും കേരളം ആടിയുലയുന്ന അവസ്ഥയില്‍ ഇത്രയും ലാഘവത്തോടെ അത്രമേല്‍ ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റേത് ഇരട്ടച്ചങ്കാണെന്ന് പറയുന്നവരോട് അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടി പരിശോധിപ്പിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button