പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പന്തളം രാജകുടുംബം. ക്ഷേത്രം എന്നും ഭക്തന്റേതാണെന്നും കവനന്റില്‍ ക്ഷേത്രങ്ങളുടെ ആചാരം നടപ്പിലാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. തന്ത്രിയും പൂജാരിയുമെല്ലാം ക്ഷേത്രത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും ചെയ്യേണ്ടവര്‍ ചെയ്യേണ്ട രീതിയില്‍ ഒന്നും ചെയ്തില്ലെങ്കില്‍ ചെയ്യേണ്ടവര്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡിന്റെ വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും ഞങ്ങള്‍ ചോദിക്കില്ല. തിരുവാഭരണത്തിനൊപ്പം പോകുന്നവര്‍ക്ക് ആയിരം രൂപ കൊടുക്കുന്നുണ്ട്. അതില്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവസ്വം ബോര്‍ഡില്‍ നിന്ന് അഞ്ച് പൈസ ചോദിച്ചിട്ടില്ല. എന്നാല്‍, ലഭിക്കേണ്ടത് ലഭിച്ചേ മതിയാകൂ. അത് പല സര്‍ക്കാരുകളും തന്നിട്ടുണ്ട്. അതിന് ബോര്‍ഡിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആചാരപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറയല്ല. ശബരിമലയിലെ വരുമാനത്തില്‍ രാജകൊട്ടാരത്തിന് കണ്ണില്ല. അതില്‍ കണ്ണ് നട്ടിരിക്കുന്നവരുണ്ട്. അത് കണ്ട് പിടിക്കേണ്ട ജോലി മാദ്ധ്യമങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാനല്ല, മറിച്ച് ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടാനാണു 1949ലെ കവനന്റിനെക്കുറിച്ചു പറഞ്ഞതെന്നു പന്തളം കൊട്ടാരം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ തീര്‍ത്ഥാടന കാലത്ത് നടന്നത് തീര്‍ത്ഥാനമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അതുകൊണ്ടാണ് ആചാരലംഘനം ഉണ്ടായതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
Post Your Comments