ശ്രീനഗർ: കാശ്മീരില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരുമായുള്ള യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജമ്മുകാശ്മീര്‍ റമ്പാന്‍ സ്വദേശിയായ ലാന്‍സ് നായിക് രഞ്ജിത് സിംഗിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് തൊട്ടുമുന്നേ അദ്ദേഹത്തിന്റെ ഭാര്യ ഷിമു ദേവി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി.വിവാഹം കഴിഞ്ഞ് പത്തുകൊല്ലമായെങ്കിലും കുഞ്ഞുങ്ങളില്ലാതിരുന്ന ഈ ദമ്പതികള്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ ചികിത്സകളും പ്രാര്‍ത്ഥനയുമായി കാത്തിരിയ്ക്കുകയായിരുന്നു. പക്ഷേ മകളെ നേരിട്ടുകാണാനുള്ള ഭാഗ്യം അച്ഛനുണ്ടായില്ല.
പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഷിമുദേവിയുടെ പ്രസവത്തിനോടനുബന്ധിച്ച് ഒക്ടോബര്‍ 22നു അവധിയ്ക്കപേക്ഷിച്ചിരിയ്ക്കുകയായിരുന്നു രഞ്ജിത് സിംഗ്. അവധിയ്ക്ക് ഒരുദിവസം മുന്നേ ഭീകരരുടെ വെടിയേറ്റ് അദ്ദേഹം ജീവന്‍ വെടിഞ്ഞു,കുഞ്ഞു ജനിച്ചു കഴിഞ്ഞയുടനേ തന്നെ ഭര്‍ത്താവിന്റെ ഭൗതികശരീരം കാണണമെന്നും, അച്ഛന്റെ ഭൗതികശരീരം മകളേയും കാട്ടണമെന്നും വാശിപിടിച്ച് ഷിമുദേവി കുഞ്ഞുമൊത്ത് ആശുപത്രിയില്‍ നിന്ന് നേരിട്ട് സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തി.
തങ്ങളുടെ മകള്‍ വളര്‍ന്ന് അച്ഛന്റെ പാത സ്വീകരിച്ച് ഒരുദിവസം ഇന്ത്യന്‍ കരസേനയില്‍ ചേരുമെന്നും രാഷ്ട്രത്തിനായി ജീവിയ്ക്കുമെന്നും ആ അമ്മ പത്രലേഖകരോട് പറഞ്ഞു.വികാരനിര്‍ഭരമായ ഈ രംഗങ്ങള്‍ കണ്ടുനിന്നവര്‍ക്കാര്‍ക്കും കരച്ചിലടക്കാനായില്ല.ലാന്‍സ് നായിക് രഞ്ജിത് സിംഗ്, ഹവീല്‍ദാര്‍ കൗശല്‍ കുമാര്‍ റൈഫിള്‍മാന്‍ രജത് കുമാര്‍ എന്നീ മൂന്നു ധീരസൈനികരാണ് കാശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്കടുത്തു വച്ച് പാക്കിസ്ഥാനി ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.
Post Your Comments