തിരുവനന്തപുരം : പരീക്ഷാ പരിഷ്കരണത്തിനൊരുങ്ങി പി.എസ്.സി. ഇതിന്റെ ആദ്യ പാടി എന്ന നിലയിൽ വിവരണാത്മക പരീക്ഷകള്‍ പുനരാരംഭിക്കുവാൻ തീരുമാനിച്ചു. ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. ഇത് നീതിയുക്തമാകുമെന്ന് അംഗങ്ങള്‍ വിലയിരുത്തി. കൂടാതെ രണ്ടുതവണ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വിജയകരമായെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് ഓണ്‍ലൈനായി അധ്യാപകര്‍ക്കു നല്കി മൂല്യനിര്‍ണയം നടത്തുന്നതിനെയാണ് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ് അഥവാ ഒഎസ്എം സമ്പ്രദായം എന്ന് പറയുന്നത്. ആദ്യമായി അധ്യാപക തസ്തികകളുടെ തിരഞ്ഞെടുപ്പിനായിരിക്കും വിവരണാത്മക പരീക്ഷ പ്രധാനമായും നടത്തുക. അടുത്ത വിജ്ഞാപനം മുതല്‍ പരിഷ്കാരം ആരംഭിക്കാനാണ് ധാരണ. ബിരുദം യോഗ്യതയുള്ള തസ്തികകള്‍ക്കും ഇത് ഉൾപ്പെടുത്താൻ ആലോചനയുണ്ട്.
രണ്ടാം ഘട്ടമെന്ന നിലയിൽ ചോദ്യശേഖരം അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും. ഇവയ്ക്ക് അക്കാദമിക് സമിതി അംഗീകാരം നല്‍കുന്നതോടെ ചോദ്യശേഖരം യാഥാര്‍ഥ്യമാകുകയും ഇതില്‍ നിന്നുള്ള ചോദ്യങ്ങൾ പരീക്ഷക്ക് ഉപയോഗിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഓണ്‍ലൈന്‍ പരീക്ഷ വ്യാപകമാക്കുന്നതിന് എന്‍ജിനീയറിങ് കോളേജുകളുടെ സഹായത്തോടെ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കും. ജീവനക്കാര്‍ക്കുള്ള വകുപ്പുതല പരീക്ഷകളും ഓൺലൈനിലേക്ക് മാറും. അപേക്ഷകരുടെയും സീറ്റുകളുടെയും ലഭ്യതയനുസരിച്ചാകും ഏതൊക്കെ പരീക്ഷകളാണ് ഓണ്‍ലൈനില്‍ നടത്തേണ്ടതെന്ന് തീരുമാനിക്കുക.
Post Your Comments