ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ, സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പൺ സ്കൂളുകളിൽ പഠിച്ച 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നീറ്റ് എക്സാം എഴുതാൻ അവസരം. സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 1997-ലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റെഗുലേഷൻ ഓൺ ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ഓപ്പൺ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളെ നീറ്റ് എക്സാം എഴുതുന്നതിൽ നിന്നും വിലക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്.
മെഡിക്കൽ കൗൺസിൽ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തിയിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളും സാമൂഹിക കാരണങ്ങളും കാരണം റെഗുലർ സ്കൂളുകളിൽ ചേരാത്ത വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും നീറ്റിന് അർഹരല്ലെന്നുള്ള മെഡിക്കൽ കൗൺസിലിന്റെ അനുമാനം ഭരണഘടനാ ധാർമികതയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദ്രശേഖർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മെഡിക്കൽ യുജി പ്രവേശന പരീക്ഷയാണ് നീറ്റ്.
Post Your Comments