
കണ്ണൂര്‍ : മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ച് വീട് കൊള്ളയടിച്ച സംഘം ബംഗ്ലാദേശിലെത്തിയെന്ന് പൊലീസ്. അക്രമി സംഘത്തില്‍പ്പെട്ട നാല് പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ മൂന്ന് പേരും ബംഗ്ലാദേശിലാണ് ഇപ്പോള്‍ ഉള്ളത്. ഒരാള്‍ അതിര്‍ത്തി പ്രദേശത്ത് ഒളിവില്‍ കഴിയുന്നതായും സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് മാദ്ധ്യമപ്രവര്‍ത്തകനായ വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും കണ്ണൂര്‍ നഗരത്തിനടുത്തുള്ള ഉരുവച്ചാലിലെ വീട്ടില്‍ ആക്രമിച്ച് കെട്ടിയിട്ടാണ് മോഷണം നടത്തിയത്. അറുപത് പവന്‍ സ്വര്‍ണാഭരങ്ങളും 15,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡുമാണ് കൊള്ളയടിച്ചത്.
തുടക്കം മുതല്‍ക്കേ ഇതര സംസ്ഥാന തൊഴിലാളികളെ സംശയിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ ബംഗാളികളെന്ന വ്യാജേന രാജ്യത്തെത്തി അക്രമങ്ങള്‍ നടത്തുന്നവരാണ് ഇവരെന്ന് പിന്നീട് മനസിലായി. കണ്ണൂര്‍ സിറ്റിയിലെ വിവിധ ടവറുകളിലെത്തിയ ഒന്നര ലക്ഷത്തോളം കോളുകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഇവരെ പിന്തുടര്‍ന്ന് അതിര്‍ത്തിവരെ പൊലീസ് എത്തുകയും ചെയ്തിരുന്നു. രാജ്യം വിട്ടതിനാല്‍ ഇനി ഇവരെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്.
Post Your Comments