Latest NewsIndia

ഇസ്രയേലുമായി പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രായേല്‍ സര്‍ക്കാര്‍ അധികാരത്തിലുള്ള ഐഎഐയുമായി (ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്) പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യന്‍ നാവിക സേന. 777 മില്യണ്‍ ഡോളറിന്റെ മിസൈല്‍ പ്രതിരോധ ഇടപാടാണ് ഇത്. എല്‍ആര്‍എസ്എഎം, മിസൈല്‍ പ്രതിരോധ സംവിധാനം തുടങ്ങിയവ ഇന്ത്യയിലെ 7 കപ്പലുകള്‍ക്കായി നല്‍കുമെന്നതാണ് ഉടമ്പടി.

ഇന്ത്യയിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ബാരക് 8 കുടുംബത്തില്‍ പെട്ടതാണ് എല്‍ആര്‍എസ്എഎം. ഇസ്രായേല്‍ നാവിക സേനയും ഇതേ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

ഈ പുതിയ കരാറോട് കൂടി 6 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് ബാരക് 8 വിഭാഗത്തില്‍ മാത്രമായി ഇന്ത്യയുമായി ഐഎഐ നടത്തുന്നത്. കാര്‍ഷിക- പ്രതിരോധ മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പുവരുത്തുമെന്നാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പരസ്പര ധാരണ. സാങ്കേതിക വിദ്യയുടെ പരസ്പര സഹകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ കര്‍ഷകര്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ സന്ദര്‍ശിക്കുകയും വിവിധ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്ന വലിയ ശക്തിയായി ഇസ്രായേല്‍ മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം, 2 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടാണ് ഐഎഐയുമായി ഇന്ത്യ നടത്തിയത്. അതിനു തൊട്ടു പുറകെ 630 മില്യണ്‍ ഡോളറിന്റെ കരാറും ഒപ്പുവച്ചു.

ബാരക് 8 എന്ന പ്രതിരോധ സംവിധാനം ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്ന് ഐഎഐ വികസിപ്പിച്ചെടുത്തതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button