കോഴിക്കോട്: ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയുടെ മൃതദേഹമാണ് വീട്ടു മുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. അമ്മയായ ഷമീന കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം വസ്ത്രം അലക്കാനായി പോയിരുന്നു. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ തൊട്ടിലില്‍ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വച്ചു.
തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. താമരശേരി ഡി.വൈ.എസ്.പി പി. ബിജുരാജിന്റെ നേതൃത്വത്തില്‍് അന്വേഷണം ആരംഭിച്ചു.
സംഭവം നടക്കുമ്പോള്‍ മുഹമ്മദലിയുടെ സഹോദര ഭാര്യയും രണ്ടര വയസുകാരനായ മകനും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഷമീന ബഹളം വച്ചപ്പോള്‍ മാത്രമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം മുറിയുടെ വാതില്‍ അടച്ചാണ് താന്‍ അലക്കാന്‍ പോയതെന്ന് ഷമീനയും പറയുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Post Your Comments