കേരളത്തില്‍ ഏറെ വിവാദമായ കന്യാസ്ത്രീ കേസില്‍ ഇരയായ കന്യാസ്ത്രീക്ക് അനുകൂലമായി നിലകൊണ്ട ഒരു വൈദികന്‍ വളരെ പെട്ടെന്ന് മതിയായ ആരോഗ്യകാരണങ്ങളൊന്നുമില്ലാതെ മരിച്ചു. കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലന്റെ അധികാര കോട്ടയായ ജലന്ധറിലായിരുന്നു അദ്ദേഹത്തിന്റെ മരണം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറിലെത്തിയതിന് ശേഷമായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറ എന്ന വൈദികന്റൈ മരണം. ചേര്‍ത്തുവായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ തന്നെ അസ്വാഭാവികതയുണ്ട് ഫാദര്‍ കപുരര്യാക്കോസിന്റെ മരണത്തില്‍. പക്ഷേ ഫാദര്‍ മരിച്ചതോ കൊന്നതോ എന്ന് ഉറപ്പിച്ചുപറയാന്‍ തെളിവുകളൊന്നുമില്ലതാനും.
ദുരൂഹതയുണ്ടെന്ന് വൈദികരും ബന്ധുക്കളും
അറുപതുകാരനായ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിക്കുന്നു. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ അദ്ദേഹത്തിന്റെ സഹോദരന്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതിയും നല്‍കി. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതുകാരണം അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാട് സ്വാകരിക്കുകയും പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്ത വൈദികനാണ് മരിച്ചത്. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഫാദര്‍. ബിഷപ്പിനെതിരെ ചില കന്യാസ്ത്രീകള്‍ പലതവണ തന്നോട് പരാതിപ്പെട്ടിരുന്നതായും ഫാദര്‍ പറഞ്ഞിരുന്നു. അതേസമയം കുര്യാക്കോസ് കാട്ടുതറയെ കൊന്നതാണെന്ന് സഹോദരന്‍ ജോസ് ആരോപിച്ചു. ഫാദര്‍ കാട്ടുതറയ്ക്ക് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നു, കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് അദ്ദേഹം കഴിഞ്ഞത്. തന്നെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തിയെന്ന് ഫാദര്‍ പറഞ്ഞിരുന്നതായും സഹോദരന്‍ ആരോപിക്കുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത് വിവാദമായ ശേഷം കഴിഞ്ഞ മെയില്‍ ഫാദറിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
വൈദികന്റെ മരണം അന്വേഷിക്കണമെന്ന് എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തി. ആക്ഷന്‍ കൗണ്‍സിലിന്റെ കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കും കൂടെ നില്‍ക്കുന്നവര്‍ക്കും സംരക്ഷണം വേണമെന്നാണ് ആവശ്യം. അതേസമയം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമേ ഫാദര്‍ കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുള്ളു എന്ന് പൊലീസ് അറിയിച്ചിരുന്നു. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്നും ബന്ധുക്കള്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണിത്. ജലന്ധറിലെത്തിയ ഫാദര്‍ കുര്യാക്കോസിന്റെ രണ്ട് ബന്ധുക്കള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് ജലന്ധര്‍ രൂപത അറിയിച്ചത്. സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂര്‍ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ മരണ കാരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുത്.
അകത്ത് നിന്ന് പൂട്ടിയ മുറിയില്‍ മരിച്ചനിലയില്‍
ഫാദറിന്റെ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകളില്ലെന്ന് ജലന്ധര്‍ എ.സി.പി എആര്‍.ശര്‍മ പറഞ്ഞു. മൃതദേഹം കിടന്ന കട്ടിലില്‍ ഛര്‍ദിയുടെ അവശിഷ്ടങ്ങളുണ്ടായിരുന്നു. മുറിയില്‍ നിന്ന് രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ഗുളികകളും കണ്ടെത്തി. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുമെന്നും ശര്‍മ പറഞ്ഞു. കുര്‍ബാന അര്‍പ്പിച്ച് തിരിച്ചെത്തിയ വൈദികന്റെ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.് രാവിലെ വൈദികനെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വൈദികനെ മരിച്ചനിലയില്‍ കണ്ടത്. എന്നാല്‍ ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു നൂറ് ശതമാനം ഉറപ്പുണ്ടെന്ന് സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞു. ജലന്ധര്‍ പൊലീസിനെ വിശ്വാസമില്ല. അവിടത്തെ കമ്മീഷണര്‍ ബിഷപ്പിന്റെ വലംകയ്യാണെന്നും ഫാദറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
തള്ളിക്കളയാനാകാത്ത ആരോപണങ്ങള്‍
എന്തായാലും നിലവിലെ സാഹചര്യത്തില്‍ ഫാദറിന്റെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളയാനാകില്ല. രോഗം മൂലമാണോ അതോ മറ്റേതെങ്കിലും വിധത്തിലാണോ ഫാദര്‍ മരിച്ചതെന്ന് തിരിച്ചറിയണം. ജലന്ധര്‍ പോലൊരു പ്രദേശത്ത് ഫാദറിന്റെ ബന്ധുക്കള്‍ക്ക് ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നിരിക്കെ ആവരുടെ ആവശ്യപ്രകാരം മൃതദേഹം ആലപ്പുഴയിലെത്തിക്കാന്‍ വേണ്ട സൗകര്യം രൂപതയുടെ ഭാഗത്ത് നിന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. നീതി എന്ന് താന്‍ വിശ്വസിക്കുന്ന കാര്യത്തില്‍ ശക്തമായ നിലപാടുമായി നിന്ന ഒരു വ്യക്തിയാണ് മരണപ്പെട്ടിരിക്കുന്നത്. ആ മരണത്തില്‍ സംശയമുന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ വേണ്ടപ്പെട്ടവരുടെ ആശങ്ക തീര്‍ത്തിട്ടാകണം അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിക്കാന്‍
നിപരാധിത്വം തെളിയിക്കാം ഫ്രാങ്കോ മുളയ്ക്കലിന്
ഫാദറിന്റെ മരണത്തില്‍ എല്ലാ വിരളുകളും ചൂണ്ടപ്പെടുന്നത് തനിക്കെതിരെയാണെന്ന് മനസിലാക്കുന്ന ബിഷപ്് ഫ്രാങ്കോ മുളയ്ക്കലിന് തന്റെ നിപരാധിത്വം തെളിയിക്കാനുള്ള അവസരം കൂടിയാണിത്. ഫാദര്‍ കുര്യാക്കോസിന്റേത് സ്വാഭാവിക മരണമാണെങ്കില്‍ അത് തെളിയിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങേണ്ടത് ജലന്ധര്‍ രൂപതയും ബിഷപ്പ് ഫാങ്കോയും തന്നെയാണ്. ഇക്കാര്യത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് വിശ്വാസി സമുദായം മാത്രമല്ല പുറത്തുള്ളവരും വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. കാരണം ഒരു വാക്കുപോലും പറയാതെ വിട വാങ്ങിയത് നകന്യാസ്ത്രീ വിഷയത്തില്‍ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പ്രതിഷേധിക്കാനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് ധൈര്യം നല്‍കിയ വൈദികനാണ്. മരണം സംഭവിച്ചിരിക്കുന്നത് ആരോപണ വിധേയാനാ ഒരു ബിഷപ്പിന്റെ അധികാര പരിധിക്കുള്ളിലും.
Post Your Comments