Latest NewsKeralaIndia

ശബരിമല ദർശനം നടത്താനൊരുങ്ങിയ ആക്ടിവിസ്റ്റ് ബിന്ദുവിന് നാട്ടിൽ വിലക്ക്, ജോലിയും നഷ്ടമായി

വാടകവീട്ടില്‍ കയറാന്‍ പറ്റാതായതോടെ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും ഇവർക്കെതിരെ പ്രതിഷേധം കനക്കുകയാണ്

കോഴിക്കോട്:ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിന് നാട്ടുകാരുടെയും സ്‌കൂൾ അധികൃതരുടെയും വിലക്ക്. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ബിന്ദുവിനാണ് (43) വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ വിലക്കേര്‍പ്പെടുത്തിയത്. ചേവായൂരിലെ വാടക വീട്ടില്‍ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു. കൂടാതെ അറിയിപ്പ് കീട്ടാതെ സ്കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്.

അതേസമയം, വാടകവീട്ടില്‍ കയറാന്‍ പറ്റാതായതോടെ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും ഇവർക്കെതിരെ പ്രതിഷേധം കനക്കുകയാണ്.ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിനെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് പൊലീസ് സാഹസികമായി രക്ഷിച്ച്‌ ഇന്നലെ മടക്കി അയക്കുകയായിരുന്നു. രണ്ട് പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ 9.30ന് എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടു.

കൂടെയുണ്ടായിരുന്നവർ ഡിവൈ എഫ് ഐ പ്രവർത്തകർ ആണെന്നാണ് റിപ്പോർട്ട്. ഇവർക്ക് ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. തുടർന്ന് സി.ഐയുടെ നേതൃത്വത്തില്‍ ബിന്ദുവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ഒത്തുകൂടി. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ ബിന്ദുവിനെ തിരികെ ജീപ്പില്‍ കയറ്റാനായി എത്തിച്ചപ്പോഴേക്കും പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. ഏറെ പണിപ്പെട്ടാണ് ഇവരെ പൊലീസ് ജീപ്പില്‍ കയറ്റിയത്.മുന്നോട്ടെടുത്ത ജീപ്പിന് മുന്നില്‍ കിടന്നും അടിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

വാതില്‍ തുറന്ന് ബിന്ദുവിനെ വലിച്ചിറക്കാനും ശ്രമമുണ്ടായി. തുടര്‍ന്ന് കണമല സ്റ്റാന്‍ഡിലെത്തിച്ച്‌ പൊലീസ് സംരക്ഷണത്തോടെ പമ്പ ബസില്‍ കയറ്റി. യാത്രയ്ക്കിടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തില്‍ വട്ടപ്പാറയില്‍ ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തരും സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. ബസിന് ചുറ്റും ശരണം വിളിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെ കൂടുതല്‍ പൊലീസെത്തി ബിന്ദുവിനെ പൊലീസ് ജീപ്പില്‍ കയറ്റി ഈരാറ്റുപേട്ട സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button