ബിഷപ്പിനെതിരെ മൊഴിനല്‍കിയ ഫാദര്‍ കുര്യാക്കേസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹതയുണ്ടന്നും വൈദികന്റെ മൃതദേഹം കേരളത്തിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നും സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍. ദുരൂഹമരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കും അവര്‍ക്ക് അനുകൂലമായി മൊഴി കൊടുത്തവര്‍ക്കും ജീവന് ഭീഷണി ഉണ്ട്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണം. ബിഷപ്പിനെതിരായ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.
വൈദികന്റെ ദുരൂഹ മരണത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന് പങ്കുള്ളതായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ കുര്‍ബാന അര്‍പ്പിച്ച് തിരിച്ചെത്തിയ വൈദീകന്റെ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇന്ന് രാവിലെ വൈദികനെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വൈദീകനെ മരിച്ചനിലയില്‍ കണ്ടത്.
തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് വൈദീകന്‍ തങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നതായി കുറിവിലങ്ങാട് മഠത്തില്‍ സിസ്റ്റര്‍ അനുപമ പറഞ്ഞു. അതോടൊപ്പം ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു 100% ഉറപ്പുണ്ടെന്ന് അനുജന്‍ ജോസ് കാട്ടുതറയും പറഞ്ഞു. രണ്ടു മൂന്നു വര്‍ഷമായി അദ്ദേഹം ഭീഷണി നേരിടുന്നു. ബിഷപ്പിനെതിരേ മൊഴി കൊടുത്തതു മുതല്‍ ഫാ. കുര്യാക്കോസിനു പല പ്രശ്‌നങ്ങളുമുണ്ടായി, താന്‍ ജീവിച്ചിരിക്കില്ലെന്നു ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.വീടിനു നേരേ ആക്രമണമുണ്ടായി. മറ്റൊരാളുടെ കാര്‍ അച്ചന്റേതെന്നു കരുതി തകര്‍ത്തു. ബിഷപ്പ് തന്നെ ആളുകളെ ഇളക്കി വിട്ടിട്ടുണ്ട്. ഭീഷണി കാരണം അച്ചന്‍ പല സ്ഥലങ്ങളില്‍ മാറിത്താമസിക്കുകയായിരുന്നു. മരണ വിവരം അറിയിച്ച ശൈലി ശരിയായിരുന്നില്ല. സഹോദരനോടു പറയേണ്ട രീതിയായിരുന്നില്ല.സഭ ഒന്നടങ്കം ബിഷപ്പിനൊപ്പമാണ്. സഭ ഇപ്പോഴും വിശ്വാസികള്‍ക്കനുകൂലമായ നിപാടല്ല എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments