KeralaLatest News

31 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലത്ത് നടക്കും

തിരുവനന്തപുരം : ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡനും സംയുക്തമായി സംഘടിപ്പിക്കുന്ന 31 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ 2019 ജനുവരി 27,28 തിയതികളില്‍ നടക്കും. യുവജനങ്ങളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളെ ശാസ്ത്ര സാങ്കേതിക മേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിനും ശാസ്ത്ര കോണ്‍ഗ്രസ് വലിയ പങ്ക് വഹിക്കുന്നുണ്ട്.

പ്രളയ കെടുതിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭാവിയില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും അതിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുമായി ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനും ശാസ്ത്ര കോണ്‍ഗ്രസ് മുന്‍ഗണന നല്‍കും. നമ്മുടെ പരിസ്ഥിതി – നമ്മുടെ ഭാവി : കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പങ്ക് എന്നതാണ് മുഖ്യ വിഷയം.
മുഖ്യ വിഷയത്തെ അധികരിച്ച് പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ഗവേഷണ പ്രബന്ധാവതരണം, യുവ ശാസ്ത്രജ്ഞരുടെ ബെസ്റ്റ് പേപ്പര്‍/ ബെസ്റ്റ് പോസ്റ്റര്‍ അവതരണം, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരുമായുള്ള സംവാദം, ബാല ശാസ്ത്ര കോണ്‍ഗ്രസ്, 2018 ഓഗസ്റ്റില്‍ നാം നേരിട്ട പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള ഫോട്ടോ/ വീഡിയോ പ്രദര്‍ശനം എന്നിവ നടക്കും.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും പ്രബന്ധാവതരണത്തിനും പ്രത്യേക അവസരം ലഭിക്കും. രജിസ്‌ട്രേഷനും പ്രബന്ധാവതരണത്തിനും നവംബര്‍ 20 വരെ അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ക്ക്: www.ksc.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button