ദുബായ് : യു.എഇയിലെ പരിഷ്കരിച്ച വിസ നിയമം പ്രാബലത്തില്‍ വന്നു. ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തിലായത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഇവരുടെ കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പരിഷ്കാരങ്ങളാണ് പുതിയ വിസ നിയമത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും, വിധവകള്‍ക്കും അവരുടെ വിസ ഒരു വര്‍ഷത്തേക്ക് നീട്ടാനാകും. വിവാഹ മോചനം നേടിയ അല്ലെങ്കില്‍ ഭര്‍ത്താവ് മരണപ്പെട്ട തീയ്യതില്‍ മുതല്‍ ഇവര്‍ക്ക് ഒരു വര്‍ഷം കൂടി യു ഇ എയില്‍ തുടരാം. ഇവര്‍ക്ക് ഇതിനായി സ്പോണ്‍സറുടെ ആവശ്യമില്ലെന്ന് ബ്രിഗേഡിയര്‍ സഈദ് റകന്‍ അല്‍ റാഷിദി പറഞ്ഞു. നേരത്തെയുള്ള നിയമ പ്രകാരം ഭര്‍ത്താവ് മരണപ്പെട്ടാലോ, വിവാഹ മോചനം നേടിയാലോ സ്ത്രീകളും കുട്ടികളും രാജ്യം വിടണമായിരുന്നു.
12-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പോടെ ഒരു വര്‍ഷത്തേക്കുള്ള സ്റ്റുഡന്റ് വിസ ലഭിക്കും. ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനാകും. വിസയ്ക്കായി രക്ഷിതാക്കള്‍ 5,000 ദിര്‍ഹം ഡിപ്പോസിറ്റ് കെട്ടിവെക്കണം. അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു അനുബന്ധ രേഖകള്‍ എന്നിവ തെളിവായി ഹാജരാക്കണം.
ഇതുകൂടാതെ വിസിറ്റ് വിസയിലുള്ളവര്‍ക്ക് രാജ്യം വിടാതെ തന്നെ 30 ദിവസത്തേക്ക് വിസ കാലാവധി നീട്ടാനാകും. ഇതിനായി 600 ദിര്‍ഹം അടക്കണം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത് ജോലി അന്വേഷിച്ചെത്തുന്നവര്‍ക്കും ഏറെ ആശ്വാസകരമാണ്.
Post Your Comments