തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ എംഎല്‍എ ഒ.രാജഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു ധര്‍മത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ ബിജെപി നടത്തുന്ന നാമജപപ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ നിയോഗിച്ചിട്ടുള്ള ഹിന്ദു ഇതര മതത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ വിശ്വാസികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. സനാതനധര്‍മം പരിപാലിക്കുക എന്നതാണ് അയ്യപ്പന്റെ ദൗത്യം. എന്നാല്‍ അതിനെതിരെയാണ് ഇടതതു സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
മതം മയക്കുമരുന്നാണെന്ന മാര്‍ക്സിയന്‍ നയമാണ് ഇടതു സര്‍ക്കാരിനുള്ളത്. ഹിന്ദു ജനതയുടെ വിശ്വാസത്തെ പരസ്യമായി എതിര്‍ക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും രാജഗോപാല്‍ പറഞ്ഞു. അയ്യപ്പധര്‍മത്തിനെതിരായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഏകാധിപത്യ സ്റ്റാലിന്‍ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ നടക്കുന്നത് തികച്ചും ജനാധിപത്യലംഘനമാണ്. ഹിന്ദുക്കളുടെ വിശ്വാസവും അവകാശം ഉറപ്പുവരുത്താന്‍ ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പവിശ്വാസമില്ലാത്ത സ്ത്രീകള്‍ക്ക് മലചവിട്ടാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments