Latest NewsIndia

അമൃത്സര്‍ ദുരന്തം: എട്ടു ജീവനുകള്‍ രക്ഷിച്ച രാവണനും മരണത്തിന് കീഴടങ്ങി

അമൃത്സര്‍: ദസറ ആഘോഷത്തിനിടെ ട്രെയിന്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ അറുപതിലധികം ജീവനുകളാണ് പൊലിഞ്ഞത്. ദസറ ഉത്സവത്തിനോടനുബന്ധിച്ച് രാംലീലയില്‍ വര്‍ഷങ്ങളായി രാവണ വേഷം കെട്ടുന്ന ആളായിരുന്നു ദല്‍ബീര്‍ സിങ്. രാംലീലയുടെ ദുരന്തമുഖത്തും അതേ വേഷത്തില്‍ ദല്‍ബീര്‍ ഉണ്ടായിരുന്നു. അപകടം നടന്നപ്പോള്‍ രക്ഷകന്റെ രൂപത്തിലാണ് അദ്ദേഹം അവിടെയെത്തിയത്. എന്നാല്‍ ദുരന്തത്തില്‍ നിന്നും എട്ട് പേരെ രക്ഷപ്പെടുത്തി സ്വന്തം ജീവന്‍ ത്യജിച്ചിരിക്കുകയാണ് ഇന്ന് ദല്‍ബീര്‍.

ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നത് കാണാനായി റെയില്‍വെ ട്രാക്കില്‍ കയറി നിന്ന ജനങ്ങളുടെ ഇടയിലേക്ക് പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്‌സപ്രസ് പാഞ്ഞുകയറിയാണ് ദുരന്തം ഉണ്ടായത്. പടക്കം പൊട്ടുന്നതിനിടയില്‍ ട്രെയിന്‍ വരുന്നത് ആരും അറിയാത്തതിനാല്‍ വന്‍ ദുരന്തം തന്നെ അവിടെയുണ്ടായി.

ദല്‍വീറിന്റെ വിയോഗം നാട്ടുകാര്‍ക്ക് കണ്ണീരോര്‍മ്മയായി. ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ദല്‍ബീര്‍, വിളിച്ചുകൂവി സ്വന്തം ജീവന്‍ പോലും അവഗണിച്ച് ട്രാക്കിലൂടെ ആള്‍ക്കൂട്ടത്തെ ലക്ഷ്യമാക്കി ഓടുന്നതു ഇദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് കാണുന്നുണ്ടായിരുന്നു.

ട്രെയിന്‍ വരുന്നത് അറിയാതെ ട്രാക്കില്‍ നിന്ന എട്ടു പേരെ അയാള്‍ തള്ളിമാറ്റി. അടുത്തയാളെ രക്ഷപ്പെടുത്താനായി വീണ്ടും ഓടിയപ്പോള്‍ ട്രെയിന്‍ ദല്‍ബീറിനെയും തട്ടിത്തെറിപ്പിച്ച് പോയി കഴിഞ്ഞിരുന്നു. രാമലീല കെട്ടിയാടി തീര്‍ത്ത് വേഷം പോലും അഴിച്ചുവക്കാതെ രാവണനെ കത്തിക്കുന്നത് കാണാന്‍ എത്തിയതായിരുന്നു ദല്‍ബീര്‍.

ckidaa28

കഴിഞ്ഞ വര്‍ഷം വിവാഹിതനായ ദല്‍ബീറിന് എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞുണ്ട്. അവന്‍ എല്ലാ വര്‍ഷവും രാവണന്റെ വേഷമാണ് കെട്ടിയിരുന്നത്. അതുകൊണ്ട് അവനെ ഞങ്ങള്‍ ലങ്കേഷ് എന്നാണ് കളിയായി വിളിച്ചിരുന്നത് ദല്‍ബീറിന്റെ അയല്‍വാസിയായ കൃഷന്‍ ലാല്‍ പറഞ്ഞു. ഇന്നവന്‍ ഞങ്ങള്‍ക്ക് ഹീറോയാണ്. ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ദല്‍ബീര്‍. അപ്രതീക്ഷിതമായി മരണം ദല്‍ബീറിനെ കവര്‍ന്നെടുത്തപ്പോള്‍ ഒന്നും വിശ്വസിക്കാന്‍ കഴിയാതെ മരവിച്ച അവസ്ഥയിലാണ് ദല്‍ബീറിന്റെ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button