Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

റെയില്‍വേ ജോലി തട്ടിപ്പ് : കോടികൾ തട്ടിയ തിരുവനന്തപുരം സ്വദേശി പിടിയില്‍ :വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രം വരെ!!

. ഷമീമിന് പത്താംക്ലാസ് വിദ്യാഭ്യാസമേയുള്ളൂ

തിരുവനന്തപുരം: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചീഫ് എക്സാമിനര്‍ ചമഞ്ഞ് 300 പേരില്‍ നിന്നായി 10 കോടി തട്ടിയെടുത്ത കാഞ്ഞങ്ങാട് പരപ്പ കമ്മാടം കുളത്തിങ്കല്‍ ഹൗസില്‍ ഷമീം (ഉഡായിപ്പ് ഷമീം-28) ഷാഡോ പൊലീസിന്റെ പിടിയിലായി. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ടിക്ക​റ്റ് കളക്ടര്‍, ബുക്കിംഗ് ക്ലാര്‍ക്ക്, ജൂനിയര്‍ എന്‍ജിനിയര്‍, ഇലക്‌ട്രോണിക്‌സ് എന്‍ജിനിയര്‍, നഴ്സ്, അസിസ്​റ്റന്റ് സ്​റ്റേഷന്‍ മാസ്​റ്റര്‍, സിവില്‍ എന്‍ജിനിയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രണ്ട് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് പലരില്‍നിന്നും തട്ടിയെടുത്തത്. 2017 മാര്‍ച്ച്‌ മുതല്‍ അടുത്തിടെ വരെ ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു.

കബളിപ്പിക്കപ്പെട്ടവര്‍ സി​റ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഷമീം പിടിയിലായത്. ഇയാളില്‍നിന്ന് നിരവധി ഫോണുകളും വ്യാജ സിം കാര്‍ഡുകളും റെയില്‍വേയുടെ വ്യാജരേഖകളും, റെയില്‍വേ മുദ്റയുള്ള വ്യാജ സീലുകളും, നോട്ട് എണ്ണുന്ന രണ്ട് യന്ത്റങ്ങളും പിടിച്ചെടുത്തു. ഷമീമിന് പത്താംക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകള്‍ സംസാരിക്കും. 2012ല്‍ റെയില്‍വേ പാന്‍ട്രി വിഭാഗത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ആറ് മാസം ജോലി ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നാണ് റെയില്‍വേ റിക്രൂട്ട്‌മെന്റിനെ കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചത്.

ടിക്കറ്റ് എക്സാമിനര്‍ ചമഞ്ഞതിന് സേലം റെയില്‍വേ പൊലീസ് സ്​റ്റേഷനിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് തമ്പാനൂര്‍, എറണാകുളം നോര്‍ത്ത്, കോട്ടയം ഈസ്​റ്റ്, അയ്യന്തോള്‍, മാനന്തവാടി പൊലീസ് സ്​റ്റേഷനുകളിലും കേസുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ വ്യാജ ശമ്ബള സര്‍ട്ടിഫിക്ക​റ്റുകളും, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ വ്യാജ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ആഡംബര വാഹനങ്ങളില്‍ കറങ്ങിനടന്ന് റെയില്‍വേ ചീഫ് എക്‌സാമിനറെന്നും റെയില്‍വേ ഫുട്‌ബാള്‍ ടീം അംഗമാണെന്നും പറഞ്ഞ് പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്യും. താത്പര്യമറിയിക്കുന്നവരോട് ബംഗളൂരു റെയില്‍വേ സ്​റ്റേഷനിലെത്താന്‍ ആവശ്യപ്പെടും.

പ്ലാറ്റ്‌ഫോമില്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചെത്തുന്ന ഷമീം റെയില്‍വേ മുദ്റയുള്ള വ്യാജഅപേക്ഷ ഫോം പൂരിപ്പിച്ചു വാങ്ങും. പല തട്ടിലുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായി പണം പല കവറുകളിലാക്കി നല്‍കാനും ആവശ്യപ്പെടും. ഒരാഴ്ച കഴിഞ്ഞുള്ള തീയതിയില്‍ പരീക്ഷ എഴുതാന്‍ തയ്യാറായെത്താനും നിര്‍ദ്ദേശിക്കും. ബംഗളൂരുവിലെ കെട്ടിടം വാടകയ്ക്കെടുത്ത് പരീക്ഷാ ഹാളായി സജ്ജമാക്കി സൗത്ത് വെസ്​റ്റേണ്‍ റെയില്‍വേയുടെ പേര് അച്ചടിച്ച കവറില്‍ ചോദ്യപേപ്പറും ഉത്തരം അടയാളപ്പെടുത്താനുള്ള ഒ.എം.ആര്‍ ഷീ​റ്റും നല്‍കി പരീക്ഷ എഴുതിപ്പിക്കും. മറ്റൊരു ദിവസം മെഡിക്കല്‍ ടെസ്​റ്റിനായി 10,000 രൂപയുമായി റെയില്‍വേ ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിക്കും.

പണവുമായി എത്തുന്നവരെ ആശുപത്രിയുടെ വെളിയില്‍ നിറുത്തിയ ശേഷം അകത്ത് പോയി മെഡിക്കല്‍ ഫി​റ്റ്‌നസ് സര്‍ട്ടിഫിക്ക​റ്റുമായി തിരികെയെത്തി ജോലി ശരിയായിട്ടുണ്ടെന്നും ജോലിയില്‍ പ്രവേശിക്കേണ്ട തീയതി ഉടന്‍ അറിയിക്കാമെന്നും ധരിപ്പിച്ച്‌ പറഞ്ഞുവിടും. ജോലി ഉത്തരവ് ലഭിക്കാതെ വിളിക്കുന്നവരോട്, റെയില്‍വേ വിജിലന്‍സ് വിഭാഗം പ്രശ്നമുണ്ടാക്കുന്നെന്നും കുറച്ച്‌ ദിവസം കൂടി കാത്തിരിക്കാനും ആവശ്യപ്പെടും. വീണ്ടും വിളിക്കുമ്പോള്‍ പല കാരണങ്ങള്‍ പറയും. ഇതോടെയാണ് ഇയാൾക്കെതിരെ തട്ടിപ്പിന് ആളുകൾ പരാതി നല്കിത്തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button