വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം നടന്ന കൊറിയന്‍ ഉച്ചകോടിക്കിടെയാണ് മാര്‍പാപ്പ നാടു സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ തന്നെ അറിയിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ മാര്‍പാപ്പയെ അറിയിച്ചത്. ക്ഷണം വന്നാല്‍ തീര്‍ച്ചയായും മറുപടി നല്‍കുമെന്നും തനിക്കു പോകാന്‍ സാധിക്കുമെന്നും അദ്ദേഹം മറുപടി നല്കി. സന്ദര്‍ശനം നടക്കുകയാണെങ്കില്‍ നിരീശ്വര നയം സ്വീകരിച്ചിട്ടുള്ള ഉത്തര കൊറിയയില്‍ ആദ്യമായായിരിക്കും ഒരു മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്.
2000 ലെ കൊറിയന്‍ ഉച്ചകോടിക്കു ശേഷം ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്കു ഇതുപോലെ ക്ഷണം ലഭിച്ചെങ്കിലും കത്തോലിക്കാ പുരോഹിതര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്ന് വത്തിക്കാന്‍ വ്യവസ്ഥ വച്ചതിനാല്‍ അന്ന് സന്ദര്‍ശനം നടന്നില്ല. തുറന്ന സമീപനം സ്വീകരിക്കുന്ന ആളാണ് മാര്‍പ്പാപ്പയെങ്കിലും അനുകൂലമായ സാഹചര്യം ഉറപ്പാക്കിയ ശേഷമേ സന്ദര്‍ശനം നടത്തൂ എന്നാണ് സഭാ വക്താക്കള്‍ സൂചിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം പൂര്‍ണമായി അനുവദിച്ചിട്ടില്ലാത്ത ഉത്തര കൊറിയയില്‍ വിരലിലെണ്ണാവുന്ന ആരാധനാലയങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
1950-53 കൊറിയന്‍ യുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ 55,000 കത്തോലിക്കരുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ പരമാവധി 4000 വിശ്വാസികളേയുള്ളൂവെന്നാണ് കണക്ക്. മുള്‍ക്കിരീടം അണിഞ്ഞ ക്രിസ്തുവിന്റെ ശില്പം കത്തോലിക്കാ മത വിശ്വാസി കൂടിയായ മൂണ്‍ പാപ്പയ്ക്ക് സമ്മാനിച്ചു. ഇരു കൊറിയകളിലെയും സഭകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് തന്റെ സന്ദര്‍ശനമെന്ന് മാര്‍പാപ്പ വ്യക്തമാക്കി.
Post Your Comments