Latest NewsIndia

രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു; ഇതുവരെ സിക്ക ബാധിച്ചവരുടെ എണ്ണം 109 കവിഞ്ഞു

ഗര്‍ഭിണികളെയാണ് രോഗം ഏറ്റവും മാരകമായി ബാധിക്കുന്നത്

ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 109 കവിഞ്ഞു. ജയ്പൂര്‍ നഗരത്തില്‍ മാത്രം പുതിയതായി ഒമ്പതോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 91 രോഗികള്‍ കൃത്യമായ ചികിത്സയെ തുടര്‍ന്ന് രോഗത്തെ അതിജീവിച്ച് വരുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

കൂടാതെ രോഗബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനത്തുള്ള ശാസ്ത്രീ നഗര്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ 21നാണ് രാജസ്ഥാനില്‍ ആദ്യത്തെ സിക്കാ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം വ്യാപിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഒരു വിദഗ്ദ സംഘത്തെ സംസ്ഥാനത്തേക്കയച്ചിരുന്നു. ഈ സംഘത്തിന്റെ നിര്‍ദേശ പ്രകാരം കൊതുകു നശീകരണത്തിനായി ഉപയോഗിച്ചിരുന്ന രാസവസ്തുക്കളില്‍ മാറ്റം വരുത്തിയിരുന്നു. ഫോഗിങ്ങും മറ്റ് ശാസ്ത്രീയ സംവിധാനങ്ങളും ഉപയോഗിച്ച് കൊതുകു നശീകരണം കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്തു.

ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. ഗര്‍ഭിണികളെയാണ് രോഗം ഏറ്റവും മാരകമായി ബാധിക്കുന്നത്. അതിനാല്‍ രോഗ ബാധിത പ്രദേശങ്ങളിലേക്ക് ഗര്‍ഭിണികള്‍ സന്ദര്‍ശനം നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button