അമ്പാടി
അക്ഷരം ‘ക്ഷരമില്ലാത്ത അവസ്ഥ’ എന്നതിലുപരി അക്ഷിക്ക് രമിക്കുന്നത് എന്ന് വിവക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അറിവ് ശ്രവണേന്ദ്രിയത്തില്‍ ഒതുങ്ങാതെ പുതിയ മാനങ്ങള്‍ കണ്ടെത്തുകയും മാനവവികസനത്തിന് ഗതിവേഗം നല്‍കുകയും ചെയ്തത് അക്ഷരത്തിന്റെ അകമ്പടിയോടെയാണ്. ഒരു പുതിയ വിശ്വസം തന്നെ അക്ഷരലോകം വാര്‍ത്തെടുത്തു മനുഷ്യനെ മനുഷ്യനാക്കുന്നത് ബുദ്ധിയും അക്ഷരവും ചേര്‍ന്ന ദ്വന്ദമാണെന്ന് അടിവരയിട്ടു പറയേണ്ടിവരും
മനുഷ്യചരിത്രത്തിന്റെ പിന്‍നാളുകളില്‍ ആശയങ്ങള്‍ ചിത്രങ്ങളായി രൂപാന്തരപ്പെട്ടപ്പോള്‍, അറിവ് മുദ്രിതമാക്കപ്പെട്ടപ്പോള്‍ വിവരങ്ങളെ , വികാരത്തെ സുരക്ഷിതമായി സൂക്ഷിക്കുന്ന പേടകമായി മാറി ഓരോ വര്‍ണങ്ങളും. ചിത്രങ്ങള്‍ കൊണ്ട് കോറിയിടാന്‍ കഴിയാത്ത അനന്തത വരെ ചെന്നെത്തി ഈ അക്ഷരകൂട്ടുകള്‍. ഹൃദയം തുളച്ച് തലച്ചോറ് പിളര്‍ന്ന് ചേക്കേറി ഈ രാക്ഷസന്‍മാര്‍, അവയെ തലമുറയിലേക്ക് കൈമാറുന്ന പൈതൃകവും വിജയഗാഥകളും അടിച്ചമര്‍ത്തലുകളും ഈ പേടകത്തില്‍ നിന്ന് കണ്ട് തിരിച്ചറിഞ്ഞു പുത്തന്‍ തലമുറ. അക്ഷരങ്ങളിലൂടെ ചരിത്രം നിലനിന്നു. ഭൂതകാലത്തെ അനുഭവിച്ചും വര്‍ത്തമാനത്തെ പ്രസരിപ്പിച്ചും ഭാവിയെ വാര്‍ത്തെടുത്തും അക്ഷരം അശ്വമേധം നടത്തി.
ഒരു ഷേക്‌സ്പിരിയന്‍ കാവ്യശകലമാണ് മനസിലോടിയെത്തുന്നത്.
‘ദുഷ്‌കാലലിഖിതങ്ങള്‍ മാറാല ചാര്‍ത്തുമീ
മോറാത്ത ശിലകളില്‍പ്പെട്ടൊരു നിന്നേക്കാള്‍
നീ തിളങ്ങും വിളക്കിയോരീയക്ഷരങ്ങളില്‍
ചിപ്പിയുള്‍ച്ചേര്‍ന്ന മുത്താകുന്നു നീയതില്‍ ‘
അല്‍പ്പം ശാസ്ത്രം കൂടി ചേര്‍ത്തുപറഞ്ഞാല്‍ ഇതേ അക്ഷരങ്ങളെ ഇലക്ട്രോണ്‍ പ്രഭാവങ്ങളാക്കി ശൂന്യാകശത്തേക്ക് കുതിച്ചുയര്‍ന്നു മനുഷ്യന്‍. ശിലകളിലും ഇലകളിലും കോറിയിട്ടും മഷിയൂര്‍ത്തിയും ചരിത്രത്തെ മൈനഞ്ഞും ഭാവനയെ വിടര്‍ത്തിയും അക്ഷരങ്ങളുടെ ലോകത്തുകൂടി പിച്ച വച്ച് അവന്‍ പിന്നിട്ട വഴികള്‍ സരളമല്ല. പടുത്തുടര്‍ത്തിയ വിജയഗാഥകള്‍ ചുരുക്കവുമല്ല. വിശ്വപ്രതിഭകളുടെയല്ലാം സുഹൃദ് സിംഹാസനത്തിലുപവിഷ്ടയായി നവോത്ഥാനത്തിന്റെ നട്ടെല്ലായി അനര്‍ഗളം പ്രവഹിക്കുമ്പോോള്‍ കെട്ടും മട്ടും മാറി പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് അക്ഷരഭാഷയും ചേക്കേറുന്നു. വശ്യതയും ശക്തിയും ഒന്നിക്കുന്ന അക്ഷരക്കൂട്ടുകള്‍ക്ക് ഭരണകൂടങ്ങളെ കടപുഴക്കാനും വെന്നിക്കൊടികള്‍ പാറിക്കാനും ഒരുപലെ കഴിയുന്നു.
അക്ഷരം നിധിയാണ്, ഒരിക്കലും ക്ഷയിക്കാത്ത നിധി. പുത്തന്‍ തലമുറയ്ക്കായി മുന്‍ഗാമികള്‍ ആഴത്തില്‍ കുഴിച്ചിട്ട നിധി. ഒരിക്കല്‍ ലഭിച്ചാല്‍ ഒരു മഹാ ആകാശം തന്നെ മനുഷ്യന് സമ്മാനിക്കുന്ന നിധി. കൈപ്പിടിയിലൊതുങ്ങിയാല്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട നിധി. അത് ലഭിക്കണമെങ്കില്‍ ഖനനം ചെയ്യണം. ശ്രമകരമാണത്. ആഴത്തില്‍ ചിന്തിച്ചാല്‍ നമുക്ക് അടുത്ത തലമുറയിലേക്ക് കൈമാറാന്‍ അക്ഷരമല്ലാതെ എന്തുണ്ട്, അത് വാല്‍മീകി രാമയണങ്ങളും മഹാഭാരതങ്ങളും രചിക്കുന്നു. ‘അസീറിയന്‍ ഗില്‍ഗമേഷു’കളെ സൃഷ്ടിക്കുന്നു, ഒഡിസികളും ഇല്യാസുകളും തുടങ്ങി അനന്ത വിസ്മയ ചരിതങ്ങള്‍ രചിച്ചുകൊണ്ടേയിരിക്കുന്നു. നാമൈല്ലാം ആ ആക്ഷരോര്‍ജത്തിന്റെ പ്രയാണം വീക്ഷിക്കുന്ന ശിശുക്കളാകുന്നു.
വര്‍ണങ്ങള്‍, ആത്മാക്കളെ ബന്ധിപ്പിക്കുന്ന നിതാന്ത ബന്ധനമായി, സമരമുഖത്തെ പടവാളായി, നേതൃത്വത്തിന്റെ ആഹ്വാനങ്ങളായി, ചൂഷിതന്റെ രോദനമായി, കമിതാക്കളുടെ പ്രണയമായി ഇന്ദ്രധനുസ് വിടര്‍ത്തുമ്പോള്‍ എന്റെ മനസില്‍ ഒരു കുഞ്ഞുവിരളിന്റെ മണലിലെ ഘര്‍ഷണനൊമ്പരമായും ആ നൊമ്പരം വിരിയിക്കുന്ന ഗുരുസ്മരണയെന്ന ഗുരുത്വമായും അത് ചേക്കേറുന്നു. ഒരു മഹാവിസ്മയ പ്രപഞ്ചത്തിന്റെ പ്രവേശനകവാടത്തിലേക്ക് എന്നെ കൊണ്ടെത്തിച്ച ആ നൊമ്പരത്തെ ഞാന്‍ സ്‌നേഹിക്കുന്നു. ആ വര്‍ണ പ്രപഞ്ചം എനിക്ക് സമ്മാനിച്ച ഗുരുത്വത്തെ പൈതൃകത്തെ പ്രണമിക്കുന്നു. ഒരോ വിജയദശമിയും അക്ഷരങ്ങളുടെ ഓര്‍മ്മപ്പൈടുത്തലുകളാകട്ടെ, അനിവാര്യമായ മാറ്റത്തിന്റെ ശംഖൊലികളാകട്ടെ, ധര്‍മ്മ സംഗ്രാമങ്ങളുടെ ഞാണൊലികളാകട്ടെ, ആത്മബന്ധങ്ങളുടെ നൂലിഴകളാകട്ടെ…അങ്ങനെ അക്ഷരം അങ്ങനെ അക്ഷരം അക്ഷരമാകട്ടെ..
Post Your Comments