ന്യൂഡല്‍ഹി: ആര്‍സിടി ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ അനുമതി നൽകി സുപ്രീം കോടതി. റെയില്‍വെയുടെ നഷ്ടപരിഹാര വിതരണത്തിലെ 50 കോടി അഴിമതി ഇടപാടുമായി ബന്ധപെട്ടു റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ആര്.കെ. മിത്തലിനെ സസ്പെന്‍ഡ് ചെയ്യാനാണു അനുമതി. പാറ്റ്നയിലെ നഷ്ടപരിഹാര വിതരണത്തില്‍ അഴിമതി നടന്നെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതാദ്യമായാണ് ചുമതലയിലിരിക്കേ ആര്‍സിടി ജഡ്ജി സസ്പെന്ഷന് നേരിടുന്നത്. ആര്.കെ. മിത്തലിനെതിരേയുള്ള അഴിമതി ആരോപണം സുപ്രീം കോടതി ജഡ്ജി യു.യു. ലളിത് അധ്യക്ഷനായ അന്വേഷണ സമിതി ശരിയെന്നു കണ്ടെത്തിയിരുന്നു.
മാസങ്ങളോളം മുന്‍ ചീഫ് ജസ്റ്റീസിന്റെ പരിഗണനയിലിരുന്ന ഫയലിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അംഗീകാരം നല്‍കിയത്. റെയില്‍വെ ക്ലെയിം ട്രൈബ്യൂണല്‍ ചെയര്മാന് ജസ്റ്റീസ് കെ. കണ്ണന്, ആര്.കെ. മിത്തലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ റെയില്‍വെ ബോര്‍ഡിന് കത്തയച്ചിരുന്നു. പാറ്റ്നയില്‍ നിന്നു സ്ഥലം മാറിയ മിത്തല്‍ ഇപ്പോള്‍ തിരുവനന്തപുരം നഷ്ടപരിഹാര ട്രൈബ്യൂണലിലാണ്.
Post Your Comments