Latest NewsArticle

സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപത്തിന് വഴിമരുന്നിടുന്ന ആക്റ്റിവിസ്റ്റുകള്‍ക്ക് ഐ.ജി ശ്രീജിത്തുമാര്‍ പ്രേരണയാകുന്നുവോ?

ശബരിമലയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കാനെത്തുന്ന യുവതികളെ സുരക്ഷിതമായി സന്നിധാനത്തെത്തിക്കണമെന്നത് സര്‍ക്കാരിന്റെ ഉത്തരവാണ്. മല ചവിട്ടാന്‍ പ്രായം ഒരു തടസമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചത്തലത്തിലാണ് സര്‍ക്കാര്‍ പമ്പയിലും എരുമേലിയിലും നിലയ്ക്കലിലും ശക്തമായ പൊലിസിനെ വിന്യസിച്ച് ശബരിമലയിലെ സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്ന വിശ്വാസികളെ നീക്കി യുവതികള്‍ക്കായി വഴിയൊരുക്കുന്നത്. അതേസമയം വിശ്വാസിയായ യുവതികളാരും മല ചവിട്ടാന്‍ എത്തുന്നതേയില്ല. പകരം ആക്ടിവിസ്റ്റുകളായ ചില ഫെമിനിസ്റ്റുകളും യുക്തിവാദികളും വനിതാ മാധ്യമപ്രവര്‍ത്തകരുമാണ് പമ്പ കടക്കാനായി രണ്ടും കല്‍പ്പിച്ച് പുറപ്പെട്ടത്. എനിക്ക് ശബരിമലയില്‍ പോകണമെന്ന് ആവശ്യപ്പെട്ടെത്തുന്ന ആരെയും അവിടെ എത്തിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന രീതിയിലാണ് സര്‍ക്കാരും പൊലീസും പ്രതികരിച്ചത്. അതിന് അനുസരിച്ചായിരുന്നു അവരുടെ നീക്കങ്ങളും.

ehana
പമ്പ കടന്ന് മലചവിട്ടി അയ്യപ്പനെ കാണാന്‍ വെള്ളിയാഴ്ച്ച പുറപ്പെട്ടെത്തിയ യുവതികളുടെ പശ്ചാത്തലം ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ ആകെ പ്രതിസന്ധിയിലായി. ചുംബനസമരനായികമാരും നിരീശ്വരവാദികളുമാണ് വേഷം കെട്ടി അയ്യപ്പനെ കാണാനെത്തിയത്. ഇവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടതോടെ ഉത്തരവാദിത്തം പൊലീസിന് നല്‍കി ദേവസ്വം മന്ത്രി കളം മാറ്റി ചവിട്ടി. ഇതോടെ പ്രതിഷേധം നടത്തുന്ന വിശ്വാസികളുടെ ആവേശം നാലിരട്ടിയായി വര്‍ധിച്ചു. വിശ്വാസികള്‍ മാത്രമല്ല സ്ത്രീപ്രവേശത്തെ പിന്തുണച്ചവര്‍പോലും നിലവിലെ സാഹചര്യത്തില്‍ യുവതികളെ കടത്തി വിടുന്നതിനോട് യോജിക്കുന്നില്ല.

പുലിവാല്‍ പിടിച്ച് ഐ.ജി ശ്രീജിത്ത്

സന്നിധാനത്ത് എത്തണമെന്ന ആവശ്യവുമായി എത്തിയ യുവതിയെ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് സുരക്ഷിതമായി നടപ്പന്തല്‍ വരെ എത്തിച്ചത്. പൊലീസ് യൂണിഫോം നല്‍കിയാണ് ഇവരെ ഐജി മല ചവിട്ടാന്‍ സഹായിച്ചതെന്നാണ് ആരോപണം. ഐജിയുടെ നടപടി വന്‍വിവാദമായിരിക്കുകയാണ്. പൊലീസിന്റെ ഹെല്‍മറ്റും ചട്ടയും യുവതികളുടെ സംരക്ഷണത്തിനായി നല്‍കിയത് പോലീസ് നിയമ ലംഘനമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഗുരുതരമായ പിഴവാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം കേരള പോലീസ് ആക്ട് ലംഘിച്ചെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് കൂട്ടുനിന്ന് സര്‍ക്കാര്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ശ്രമിച്ചതെന്നും ബിജെപി നേതാവ് പറയുന്നു. മലകയറാന്‍ വന്ന രെഹ്ന ഫാത്തിമ സി ഐ ടി യു യൂണിയന്‍ അംഗമാണെന്ന ആരോപണവും കെ സുരേന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പൊലീസ് യൂണിഫോം നല്‍കിയിട്ടില്ല എന്നാണ് ഐജി വിശദീകരിക്കുന്നത്.

പൊലീസിന്റെ വീഴ്ച്ചയെന്ന് ദേവസ്വം മന്ത്രി

കനത്ത പൊലീസ് സുരക്ഷയിലാണ് എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയേയും ആന്ധ്രയില്‍ നിന്നുള്ള വനിതാ മാധ്യമ പ്രവര്‍ത്തകയേയും പൊലീസ് സന്നിധാനത്തേക്ക് ആനയിച്ചത്. എന്നാല്‍ യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയപ്പോള്‍ അയ്യപ്പഭക്തരുടെ പ്രതിഷേധം കാരണം യാത്ര തുടരാന്‍ സാധിക്കാതെ വരികയും ഇവര്‍ തിരികെ ഇറങ്ങുകയുമായിരുന്നു.


തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമെ സന്നിധാനത്തേക്ക് കടക്കാനാവു എന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന ഐജി ശ്രീജിത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. അതേസമയം സംഭവമറിഞ്ഞ ദേവസ്വം മന്ത്രി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ആക്ടിവിസ്റ്റുകളെയും പേരെടുക്കാന്‍ വരുന്നവരെയും തിരിച്ചറിയാതെ സുരക്ഷ ഒരുക്കുന്ന പൊലീസിന്റെ വീഴ്ച്ചയാണ് മന്ത്രിയും ചൂണ്ടിക്കാണിച്ചത്. ഐജി ശ്രീജിത്തിനെപ്പൊലൊരാള്‍ക്ക് രഹ്ന ഫാത്തിമയുടെ പശ്ചാത്തലം എന്തെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല എന്നത് വിശ്വസനീയമല്ല. യുക്തിവാദികള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും ഒത്താശ ചെയ്യുന്ന ഐജിയുടെ ഉദ്ദേശശുദ്ധിപോലും ചോദ്യം ചെയ്യപ്പെടുകയാണ്.

ആശ്വാസത്തോടെ പ്രതിഷേധക്കാര്‍

നിരീശ്വര വാദികളായ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഐ.ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കാന്‍ ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.. യുവതികളുടെ പശ്ചാത്തലം അറിയാമായിരുന്നിട്ടും മല കയറ്റാന്‍ അനുവദിച്ചതിനാണ് ശ്രീജിത്തിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. നിലയ്ക്കിലിലെ പ്രതിഷേധം അക്രമാസക്തമായതോടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന അയ്യപ്പഭക്തര്‍ക്ക് രഹ്നയെപ്പോലുള്ളവരുടെ വരവ് വാസ്തവത്തില്‍ ആശ്വാസം നല്‍കുന്നതാണ്. അവിശ്വാസികളായ സ്ത്രീകളാണ് മലചവിട്ടാന്‍ വരുന്നതെന്നും അവരെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നുമുള്ള അവരുടെ നിലപാടാണ് ഇപ്പോള്‍ സാധൂകരിക്കപ്പെടുന്നത്. മാത്രമല്ല ശബരിമല വിഷയം ഇത്രത്തോളം വഷളാക്കുന്നതില്‍ പൊലീസിനുള്ള പങ്കും സംശയമുനയിലാണ്. മാലയിടാതെ ഇരുമുടിക്കെട്ടില്ലാതെ എത്തിയ ആന്ധ്രക്കാരി മാധവിയേയും വനിതാ മാധ്യമ പ്രവര്‍ത്തകരേയും ചേര്‍ത്തലയില്‍ നിന്നുള്ള യുക്തിവാദി ലിബിയേയും സന്നിധാനത്തെത്തിക്കാന്‍ പൊലീസിന് എന്ത് ആവേശമായിരുന്നു. വിശ്വാസികള്‍ പരിപാവനമായി കരുതുന്ന ഒരു ദേവാങ്കണത്തിലേക്ക് നിയമത്തിന്റെ പേരില്‍ ആരെയും കടത്തിവിടാമെന്നുള്ള സര്‍ക്കാരിന്റെ നിലപാട് പോലും പ്രതിരോധത്തിലായിക്കഴിഞ്ഞു. മന്ത്രിമാര്‍ക്കിടയില്‍ പോലും ഈ വിഷയത്തില്‍ രണ്ടഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊക്കെ ഇടയില്‍ മുഖ്യമന്ത്രി ബക്കറ്റ് പിരിവിന് വിമാനം കയറിയെന്ന പേരുദേഷവുമുണ്ട്.

ഇത്തരം ഐജിമാരെ സൂക്ഷിക്കണം

ഞങ്ങള്‍ക്ക് മല കയറേണ്ടെന്നും ആചാരവും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ശരണം വിളിച്ചെത്തുന്ന ആയിരക്കണക്കിന് വരുന്ന സ്ത്രീകളുടെ വികാരത്തിന് വില നല്‍കാതെ ഒറ്റപ്പെട്ടെത്തുന്ന നിരീശ്വരവാദികള്‍ക്കായി സ്വന്തം സേനയുടെ യൂണിഫോം വരെ വിട്ടുനല്‍കുന്ന ഐജിമാരെ പേടിക്കണം. അയ്യപ്പന്റെ പൂങ്കാവനത്തില്‍ ശരണം മുഴക്കി പ്രതിഷേധിക്കുന്നവരെ അക്രമകാരികളാക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയാണ് പൊലീസിപ്പോള്‍. ക്രമസമാധാനം കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ സംഘര്‍ഷമേഖല സൃഷ്ടിക്കുന്നു എന്നതാണ് ശബരിമല സംഭവം തെളിയിക്കുന്നത്. ഇത്രയും വൈകാരികമായ ഒരു വിഷയത്തെ നിയമത്തിന്റെ പേരും പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസ് നിലപാട് കടുത്ത പ്രതിഷേധത്തിനാണ് ഇടവരുത്തുന്നത്. നിലയ്ക്കിലില്‍ അക്രമത്തിന് തുടക്കം കുറിച്ചത് പൊലീസാണെന്നും ആരോപണമുണ്ട്. എന്തായാലും പൊലീസിന്‍രെ നിരുത്തരവാദപരമായ നിലപാട് ഐ.ജി ശ്രീജിത്തിലൂടെ പുറത്തു വരുമ്പോള്‍ കൂടുതല്‍ കരുതലോടെ കാത്തിരിക്കുകയാണ് വിശ്വാസികളായ പ്രതിഷേധക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button