ഡെറാഡൂണ്‍: കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കു സ്കൂളില്‍ പ്രവേശനം നല്‍കില്ലെന്നു സ്കൂള്‍ അധികൃതര്‍. ഉത്തരാഖണ്ഡിലെ ബോര്‍ഡിംഗ് സ്കൂളില്‍ പ്രവേശനത്തിനെത്തിയ കൗമാരക്കാരിക്കാണു സ്കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചത്.
മുന്‍പു പഠിച്ചിരുന്ന ബോര്‍ഡിംഗ് സ്കൂളിലെ നാലു മുതിര്‍ന്ന വിദ്യാര്‍ഥികളാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഓഗസ്റ്റ് പതിനാലിനായിരുന്നു സംഭവം. സെപ്റ്റംബറില്‍ കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചു. ഇതേതുടര്‍ന്ന് കുട്ടിയെ സ്കൂളില്‍നിന്നു പുറത്താക്കാന്‍ അധികൃതര്‍ ശ്രമിച്ചതോടെയാണ് സംഭവം വെളിച്ചത്തുവരുന്നത്. കേസില്‍ പ്രതികളായ കുട്ടികളെയും വീഴ്ച വരുത്തിയ സ്കൂള്‍ ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സ്കൂളില്‍നിന്നു പഠനം അവസാനിപ്പിച്ച ശേഷം മറ്റൊരു സ്കൂളില്‍ പ്രവേശനം നേടാന്‍ ശ്രമിക്കവെയാണു പെണ്‍കുട്ടിക്കു ദുരനുഭവം നേരിട്ടത്. സമീപിച്ച ചില സ്കൂളുകള്‍ പ്രവേശനം നല്‍കില്ലെന്നു പറഞ്ഞപ്പോള്‍, പീഡന ഇരയായതിനാല്‍ പ്രവേശനമില്ല എന്നായിരുന്നു ഒരു സ്കൂളിന്റെ മറുപടി. ഈ സ്കൂളിനെതിരേയാണ് ഇരയുടെ കുടുംബം നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.
പ്രവേശനം നിഷേധിച്ച സിബിഎസ്ഇ സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക ആവശ്യപ്പെട്ടു. കുട്ടി പീഡനത്തിനിരയായ സ്കൂളിന്റെ അനുമതി സിബിഎസ്ഇ റദ്ദു ചെയ്തിരുന്നു.
Post Your Comments