പീഡനത്തിരയായ പെൺകുട്ടിക്ക് സ്കൂളിൽ പ്രവേശനം നൽകില്ലെന്ന് സ്‌കൂള്‍ അധികൃതര്‍

ഡെറാഡൂണ്‍: കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍. ഉത്തരാഖണ്ഡിലെ ബോര്‍ഡിങ് സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ 16 കാരിയായ മകള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെന്ന് അറിയിച്ചതായി മാതാപിതാക്കള്‍. ഇതിനെത്തുടര്‍ന്ന് സിബിഎസി സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക ആവശ്യപ്പെട്ടു.

ഇവിടെ ബോര്‍ഡിങ് സ്‌കൂളില്‍വെച്ചാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയോട് ഇത്തരത്തില്‍ പെരുമാറിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക അരുണ നെഗി ചൗഹാന്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്ത് നല്‍കി. പെണ്‍കുട്ടിയ്ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനായി നിരവധി സ്‌കൂളുകളെ സമീപിച്ചിരുന്നു, എന്നാല്‍ ഒരു സ്‌കൂളും അഡ്മിഷന്‍ നല്‍കുന്നതിന് തയ്യാറായിരുന്നില്ലെന്നും മാതാപിതാക്കള്‍ അറിയിച്ചു.

മുമ്പ് പഠിച്ചിരുന്ന ബോര്‍ഡിങ് സ്‌കൂളിലെ നാല് മുതിര്‍ന്ന വിദ്യാര്‍ഥികളാണ് പെണ്‍കുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഓഗസ്റ്റ് 14നായിരുന്നു സംഭവം. സെപ്റ്റംബറില്‍ കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ അധികൃതര്‍ ശ്രമിച്ചതോടെയാണ് സംഭവം വെളിച്ചത്തുവരുന്നത്. സംഭവത്തിന്റെ സ്ഥിതിഗതികള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച നാല് ആണ്‍കുട്ടികള്‍, സ്‌കൂള്‍ ഡയറക്ടര്‍, പ്രിന്‍സിപ്പാള്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍, ഹോസ്റ്റര്‍ നടത്തിപ്പുകാരി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Share
Leave a Comment