ന്യൂയോർക്ക്: വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ജി 77 നു നേതൃത്വം നൽകാൻ പലസ്തീൻ. യുഎസിന്റെ എതിർപ്പു മറികടന്നാണു ചൊവ്വാഴ്ച യുഎൻ പൊതുസസഭയിൽ നിരീക്ഷക രാഷ്ട്രമായ പലസ്തീനെ ഗ്രൂപ്പ് 77 അധ്യക്ഷസ്ഥാനത്തേക്ക് താൽക്കാലികമായി അംഗരാജ്യത്തിന്റെ അധികാരങ്ങൾ നൽകി തിരഞ്ഞെടുത്തത്.
ഈജിപ്ത് അവതരിപ്പിച്ച പ്രമേയത്തെ 193 അംഗ യുഎന്നിൽ 146 രാജ്യങ്ങൾ അനുകൂലിച്ചു. യുഎസ്, ഓസ്ട്രേലിയ, ഇസ്രയേൽ എന്നീ 3 രാജ്യങ്ങൾ മാത്രം എതിർത്തു. 15 രാജ്യങ്ങൾ വിട്ടുനിന്നു. ജി 77 അധ്യക്ഷസ്ഥാനം പലസ്തീനു നൽകാൻ കഴിഞ്ഞമാസം തന്നെ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായിരുന്നു.
ഒരുവർഷത്തെ അധ്യക്ഷസ്ഥാനം ജനുവരിയിലാണു പലസ്തീൻ ഏറ്റെടുക്കുക. ജി 77 ന്റെ പേരിൽ ശുപാർശകൾ സമർപ്പിക്കാനും വോട്ടെടുപ്പിൽ ഇടപെടാനും പലസ്തീന് ഇതോടെ അധികാരം ലഭിക്കും. എന്നാൽ, യുഎൻ പൊതുസഭയിൽ വോട്ട് അവകാശമില്ലാത്ത നിരീക്ഷണ രാഷ്ട്രം എന്ന പലസ്തീന്റെ ഇപ്പോഴത്തെ പദവിയിൽ ഇതു മാറ്റമുണ്ടാക്കില്ല.
Post Your Comments