Latest NewsInternational

സ്വദേശിവത്ക്കരണം വിജയകരമല്ലെന്ന് വിദ​ഗ്​ദർ

മത്സ്യബന്ധനം പോലുള്ള മേഖലകളിൽ ഒരൊറ്റ അറബിയെ പോലും പ്രതീക്ഷിക്കേണ്ടെന്ന് സൗദി പംക്തിയെഴുത്തുകാരനായ മുഹമ്മദ് ബാസ്‌നാവി

റിയാദ്: സ്വദേശിവത്ക്കരണം വിജയകരമല്ലെന്ന് വിദഗ്ധരും ഔദ്യോഗിക ഏജന്‍സികളും മാധ്യമങ്ങളും തുറന്നു സമ്മതിച്ചുതുടങ്ങി.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി അറബികളെ നിയമിക്കണമെന്ന പദ്ധതിയാണ് പൊളിഞ്ഞതെന്നും ഇതു വ്യാജ സൗദിവല്‍ക്കരണമാണെന്നും വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. സ്വദേശിവല്‍കരണം പാലിച്ചുവെന്നുകാണിക്കാന്‍ സ്വദേശികളെ നിയമിച്ചുവെന്ന വ്യാജരേഖകളുണ്ടാക്കിയശേഷം പണിക്കുവരാതെ വീട്ടിലിരിക്കുന്നവര്‍ക്ക് തുച്ഛമായ വേതനം നല്‍കുന്ന ഏര്‍പ്പാട് വ്യാപകമായെന്ന് സൗദി പംക്തിയെഴുത്തുകാരനായ മുഹമ്മദ് ബാസ്‌നാവി തുറന്നടിച്ചു. അല്ലറചില്ലറ വാങ്ങി വീട്ടിലിരിക്കുന്നവരുടെ സംഖ്യയേറുന്നത് വ്യാജ സൗദി വല്‍ക്കരണത്തിനു തെളിവാണെന്നും അദ്ദേഹം പറയുന്നു.

കൂടാതെ മത്സ്യബന്ധനം, ചില്ലറവില്‍പന നിര്‍മാണമേഖലകളില്‍ പണിചെയ്യാന്‍ ഒരൊറ്റ അറബിയെ കിട്ടില്ലെന്നറിയാമായിരുന്നിട്ടും ഈ മേഖലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം ഏര്‍പ്പെടുത്തിയത് സ്ഥിതിഗതികള്‍ തകിടം മറിച്ചിരിക്കുന്നുവെന്ന് ബ്ലൂംബര്‍ഗിന്റെ ഗവേഷണവിഭാഗം ഡയറക്ടര്‍ ജോണ്‍ സ്ഫാകിയാ നാകിസ് പറയുന്നു. മത്സ്യബന്ധനമേഖലയിലെ സൗദിവല്‍കരണം ആറുമാസത്തേക്കു നീട്ടിവച്ചതുതന്നെ ഉദാഹരണം. ആറുമാസം കഴിഞ്ഞാലും ഒരൊറ്റ സൗദിയെപ്പോലും മീന്‍പിടിക്കാന്‍ കിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

വേതനം കുറഞ്ഞ ചെറിയ ജോലികള്‍ക്കു പോകുന്നത് സ്റ്റാറ്റസിനു കുറവാണെന്നും ഇത് വിവാഹ കമ്പോളത്തില്‍ തങ്ങളുടെ വിലയിടിക്കുമെന്നും സൗദി യുവസമൂഹത്തിനു ധാരണയുള്ളതിനാല്‍ രാജ്യത്ത് തൊഴിലില്ലായ്മ ആപല്‍കരമായി വര്‍ധിക്കുകയാണെന്ന് രാജഭരണത്തിന്റെ ഉപദേശകസമിതിയായ ശൂറ കൗണ്‍സില്‍ തന്നെ മുന്നറിയിപ്പുനല്‍കിയതും ശ്രദ്ധേയം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 2.34 ലക്ഷം പ്രവാസികളെ നാടുകടത്തിയപ്പോള്‍ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞത് 23,000 പേര്‍ക്കു മാത്രമാണെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം തൊഴിലില്ലായ്മ 12 ശതമാനത്തില്‍ നിന്നും 19.3 ശതമാനമായി ഉയര്‍ന്നത് അത്യന്തം ഭയാനകമായ ഒരവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവതികളില്‍ 80.6 ശതമാനമാണ് തൊഴില്‍ രഹിതര്‍. പണിയെടുക്കാതെ തുച്ഛവേതനം കൈപ്പറ്റി ചുളുവില്‍ കഴിയുന്നവരുടെ സംഖ്യകൂടി കണക്കാക്കിയാല്‍ തൊഴിലില്ലായ്മയുടെ ശതമാനം പിന്നെയും ഉയരുമെന്നും വിദഗ്ധരും അല്‍ അറേബ്യ, സൗദി ഗസറ്റ്, ഒകാസ് എന്നീ സൗദി മാധ്യമങ്ങളും വെളിപ്പെടുത്തിയിരുന്നു.

സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ വിദഗ്ധരും അവിദഗ്ധരുമായ ലക്ഷക്കണക്കിനു തൊഴിലാളികളെ നാടുകടത്തിയതിനെത്തുടര്‍ന്ന് നിര്‍മാണ, റീട്ടെയില്‍ മേഖലകളടക്കം പലരംഗങ്ങളും സ്തംഭനാവസ്ഥയിലാണ്. സ്വകാര്യമേഖലയിലെ വമ്പന്‍ സ്ഥാപനങ്ങള്‍ സ്വദേശിവല്‍കരണം നിര്‍ബന്ധിതമാക്കിയതിനെ തുടര്‍ന്ന് സ്വദേശികളെ വീട്ടിലിരുത്തി ശമ്പളം നല്‍കുന്നതിനാല്‍ സൗദി അറേബ്യയിലെ 50 ശതമാനത്തിലേറെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മാസങ്ങളായി ജീവനക്കാര്‍ക്കു വേതനം നല്‍കാനാവാത്ത സ്ഥിതിയുമുണ്ട്. സര്‍ക്കാരിന്റെ കരാറുകള്‍ ഏറ്റെടുത്ത കമ്പനികള്‍ ആയിരക്കണക്കിനു കോടി ഡോളറിന്റെ കരാര്‍ കുടിശികയും വ്യാജ സ്വദേശിവല്‍ക്കരണവും കൂടിയായപ്പോള്‍ മിക്ക കമ്പനികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

രാജ്യത്ത് 9,17500 തൊഴില്‍രഹിതരാണ് ഇപ്പോഴുള്ളത്. 73,9900 യുവതികളും 17,7500 യുവാക്കളും തൊഴിലില്ലാതെ നില്‍ക്കുമ്പോള്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന് കഴിഞ്ഞ വര്‍ഷം അനുവദിച്ച 24662 തസ്തികകളില്‍ 4419 എണ്ണം നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണെന്ന് ശൂറാ കൗണ്‍സില്‍ വെളിപ്പെടുത്തി. ഈ കാലയളവില്‍ 58,5451 പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് കുടിയിറക്കിയതായും കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button