തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന പുതിയ സംസ്‌കാരം വളര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിലൂടെ നികത്താനാവാത്ത നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ഇത് നികത്തുന്നതിനുള്ള തീവ്രശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കാവശ്യമായ സുരക്ഷിതമായ താമസസ്ഥലം ഒരുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും കഴിയണം. അതിനാവശ്യമായ പൊതുപങ്കാളിത്തം വളര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ എതിര്‍പ്പിന്റെയും പ്രതിഷേധത്തിന്റെയുമല്ല പ്രശ്‌നം. ആളുകളുടെ ജീവന്‍ രക്ഷിക്കലാണ്.
പ്രളയശേഷമുണ്ടായ മാലിന്യങ്ങളില്‍ നല്ലൊരു പങ്കും കടലിലാണ് അടിഞ്ഞത്. കരയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സമ്ബൂര്‍ണ്ണമായി സംസ്‌ക്കരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, പൊതുജന പങ്കാളിത്തം, വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം എന്നിവയിലൂടെ കഴിഞ്ഞു. എന്നാലും നമ്മള്‍ പഴയ തലത്തിലേക്ക് തിരിച്ചുപോകരുതെന്നും മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പ്ലാനിംഗ് ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ ക്യാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖര്‍, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറി ആയിരുന്ന ടി.കെ.എ.നായര്‍, ഐക്യരാഷ്ട്രസഭാ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മരുകുടി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍, കെ.പി.എം.ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഗവണ്‍മെന്റ് പ്രാക്ടീസ് ഡയറക്ടര്‍ അരുണ്‍പിള്ള, ഇന്‍സ്പിറേഷന്‍ ഡയറക്ടറും ആര്‍ക്കിടെക്റ്റുമായ ലതാ രാമന്‍ ജയഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയി ല്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് ഞായറാഴ്ച വൈകിട്ട് 7.30 മുതല്‍ വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യും.
Post Your Comments