ആറ്റിങ്ങല്‍: കെഎസ്ആര്‍ടിസി ബസ് നിയന്തരണംവിട്ട് വീട്ടിലേയ്ക്ക് പാഞ്ഞുകയറി. ആലംകോട് പൂവമ്പാറയ്ക്കു സമീപമുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന 16 പേര്‍ക്കു പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് വീടിന്റെ മതിലും തകര്‍ത്തു കയറി സിറ്റൗട്ട് ഇടിച്ചുതകര്‍ത്താണ് നിന്നത്. പാലോട് നിന്നും കിളിമാനൂര്‍ വഴി ആറ്റിങ്ങലിലേക്കു വരികയായിരുന്ന വേണാട് ബസാണ് ദേശീയപാതയില്‍ അപകടത്തില്‍പെട്ടത്. ആലംകോട് എ.എസ്.എം മന്‍സിലില്‍ ഷറഫുദ്ദീന്റെ വീട്ടിലേയ്ക്കാണ് ബസ് കയറിയത്. ഇതേസമയം മതിലിന്റെ ഭാഗങ്ങള്‍ തെറിച്ചുവീണു കാര്‍ പോര്‍ച്ചില്‍ കിടന്ന കാറിനു കേടുപറ്റി.
പൂവമ്പാറയിലെ വളവിനടുത്ത് എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. വെള്ളല്ലൂര്‍, അനില്‍കുമാര്‍(49) കിളിമാനൂര്‍, ലക്ഷ്മി(21) നഗരൂര്‍, രോഹിണി(21) കിളിമാനൂര്‍, ലിജി(38) സുബി(21) പാപ്പാല, അംബിക(44)പാപ്പാല, ഷൈനി(32) കിളിമാനൂര്‍, ദീപ(39), ഷൈനി(32) ,കൃഷ്ണ(20), ജുബിന(23) ആറ്റിങ്ങല്‍, സിജി(20) ആറ്റിങ്ങല്‍, സുനീര്‍(35) സുധര്‍മ(58) കിളിമാനൂര്‍, നഗരൂര്‍, നിഷാദ്(28) ആറ്റിങ്ങല്‍ എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ശശീന്ദ്രന്‍(51) എന്നിവര്‍ക്കുമാണു അപകടത്തില്‍ പരിക്കേറ്റത്. ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കണ്ടക്ടര്‍ ഡ്രൈവറോടു യാത്രയ്ക്കിടെ വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതാണ് അപകടമുണ്ടായതെന്നും ആരോപണമുണ്ട്. ഈ സമയത്ത് ഷറഫുദ്ദീന്റെ വീട്ടിലുണ്ടായിരുന്നവര്‍ അയല്‍വീട്ടിലായതിനാല്‍ ഇവര്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടു. ഇവര്‍ക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
Post Your Comments