പത്തനംതിട്ട: സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല സംരക്ഷണ സമിതി നിലയ്ക്കലില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ, വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇവിടെ നിന്ന് എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ വനിതാ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു.
ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ ചൊവ്വാഴ്ച രാത്രിയില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം(40) എന്നിവരെയാണ് സമരക്കാര്‍ തടഞ്ഞത്. ഇവരെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എത്തിയ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തളളുമുണ്ടായി.
ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പമ്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. അതേസമയം, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്‌ആര്‍ടിസി ബസുകളില്‍ പമ്പയിലേക്കു പോകണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments