KeralaLatest News

ട്രയൽ റണ്ണിനൊരുങ്ങി കടമ്പ്രയാർ

ഇരുപതോളം പെഡൽ ബോട്ടുകളും മോട്ടോർ ബോട്ടുകളും കുട്ടവഞ്ചികളും തയ്യാറായിക്കഴിഞ്ഞു

കിഴക്കമ്പലം: ട്രയൽ റണ്ണിനൊരുങ്ങി കടമ്പ്രയാർ. പള്ളിക്കര മനയ്ക്കക്കടവു മുതൽ പഴങ്ങനാട് പുളിക്കക്കടവ് വരെയുള്ള കടമ്പ്രയാർ തീരങ്ങൾ ഇനി വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. ഇവിടെ അടുത്തദിവസം ബോട്ടിങ്‌ ആരംഭിക്കും. ട്രയൽ റൺ ഈയാഴ്ച നടത്താനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.

ഇവിടെ ‘ഇരുപതോളം പെഡൽ ബോട്ടുകളും മോട്ടോർ ബോട്ടുകളും കുട്ടവഞ്ചികളും തയ്യാറായിക്കഴിഞ്ഞു. ഒരു ടൂറിസ്റ്റ് ബസിലെത്തുന്ന മുഴുവൻ പേർക്കും ഒരേസമയം ബോട്ടിങ്‌ നടത്താനുള്ള സൗകര്യമാണിവിടെ ഒരുക്കുന്നത്. തൂക്കുപാലത്തിന്റെ കൈവരികൾകൂടി സ്ഥാപിച്ചാൽ അതിന്റെയും ഉപയോഗം സാധ്യമാകും. മറ്റു ജോലികളെല്ലാം പൂർത്തിയായിക്കഴിഞ്ഞു’- സംഘാടകനായ ബേസിൽ പറഞ്ഞു.

പ്രകൃതി സൗന്ദര്യം ആവോളമുള്ളതും കിഴക്കമ്പലം പഞ്ചായത്തിലെ നാലു തോടുകളുടെ സംഗമകേന്ദ്രമായ കടമ്പ്രയാർ 2009-ലാണ് ഇക്കോ ടൂറിസത്തിനായി തുറന്നത്. തനത്‌ പ്രകൃതിവിഭവങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ആരംഭിച്ച ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ ടൂറിസം വകുപ്പ്‌ മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. തോടുകൾ സംഗമിക്കുന്ന പ്രദേശത്ത് ബണ്ടുകൾ നിർമിച്ച് നടപ്പാത ഒരുക്കലായിരുന്നു ആദ്യ നടപടി. പിന്നീട് പുഴയിൽ ഡ്രഡ്ജിങ് നടത്തി ആഴം വർധിപ്പിച്ച് ബോട്ടിങ്‌ സൗകര്യം ഒരുക്കലും നടത്തി. ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ എറണാകുളം ബോട്ട്‌ ജെട്ടിയിലേക്കും ചിത്രപ്പുഴയിലേക്കും വരെ ജല ഗതാഗത സൗകര്യം ഒരുങ്ങുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ.

ഇവിടെ കടമ്പ്രയാറിന്റെ കരയിലെ മീൻപിടിത്തവും ബോട്ട്‌ സഞ്ചാരവും വഴി ആയിരക്കണക്കിന് ടൂറിസ്റ്റുകളെ ഇങ്ങോട്ടേക്ക് ആകർഷിക്കാവുന്ന തരത്തിലാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button