തിരുവനന്തപുരം: മാനസിക വെല്ലുവിളികളുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ വിധി പ്രഖ്യാപനത്തെ ചൊല്ലി അധ്യാപകരും ജഡ്ജസും തമ്മിൽ തർക്കം. ഒക്ടോബർ 26 മുതൽ 28 വരെ കൊല്ലത്ത് വച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി ജില്ല തലത്തിൽ സ്പെഷ്യൽ സ്കൂൾ റവന്യു ജില്ലാ മത്സരം സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികളെ മാത്രമാണ് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുപ്പിക്കാറുള്ളത് .ഈ അധ്യയന വർഷത്തെ കലോത്സവം ഇന്ന് (16.10.18) ചൊവ്വാഴ്ച മുറിഞ്ഞ പാലം സി.ഐ.എം.ആർ സ്പെഷ്യൽ സ്കൂളിൽ വച്ചാണ് സംഘടിപ്പിച്ചത്.
പ്രളയ ദുരന്തം കാരണം ചിലവു ചുരുക്കി ബാനർ, നോട്ടീസ്, പ്രഭാത ഭക്ഷണം, ട്രോഫി ഇവ ഒഴിവാക്കിയാണ് കലോത്സവം നടത്തിയത്. കാലാ കാലങ്ങളായി പുതുക്കാത്ത കലോത്സവ മാന്വൽ പ്രകാരം 8 ഇനത്തിലാണ് മത്സരം. മത്സരത്തിൽ ആൺ പെൺ വേർതിരിവോ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ജൂനിയർ സീനിയർ വേർതിരിവോ ഇല്ലാതെയാണ് മത്സരം നടത്തുന്നത്. ഇതിൽ പ്രതിക്ഷേധിച്ച് പല സ്കൂളുകളും കലോത്സവത്തിൽ നിന്നും വിട്ടു നിന്നു. എന്നാൽ ഓരോ ഇനം മത്സരം കഴിയുമ്പോഴും വിധി പ്രഖ്യാപനം നടത്താതെ ജഡ്ജസ്സും കലോത്സവ ചുമതലയുള്ള ഉദ്യോഗസ്ഥരും മത്സരം തീർത്ത് കടന്നുകളായാൻ ശ്രമിച്ചപ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും ഗേറ്റ് പൂട്ടിയിട്ട് തടഞ്ഞുവച്ചു. ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് ജഡ്ജസും ഉദ്യോഗസ്ഥരും സ്കോർ ഇട്ട് ഫലം പ്രഖ്യാപിച്ചു. 7 കുട്ടികൾ പാടേണ്ട ദേശഭക്തിഗാനത്തിൽ നിയമം തെറ്റിച്ച് 9 കുട്ടികൾ പിടിയ ടീമിന് ഒന്നാം സ്ഥാനം പ്രഖ്യാപിച്ചതോടെ അദ്ധ്യാപകർ വീണ്ടും ഇടപെട്ടു. ജഡ്ജസ് മാർക്ക് കൂട്ടിയ കണക്ക് വീണ്ടും പരിശോധിച്ചപ്പോൾ ലളിതഗാനത്തിന് രണ്ടാം സ്ഥാനം വന്ന കുട്ടി ഒന്നാം സ്ഥാനത്തെത്തി.
കൃത്യമായ യോഗ്യത ഇല്ലാത്തവരെയാണ് കലോത്സവത്തിന് ജഡ്ജായി ഇരുത്തിയത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. സാധാരണ സ്കൂൾ കലോത്സവങ്ങളിൽ അധ്യാപക സംഘടനകളിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയാണ് കലോത്സവം നടത്താറ്. എന്നാൽ ഭിന്നശേഷിക്കാരായ ഈ കുട്ടികളുടെ കാര്യം വന്നപ്പോൾ സ്പെഷ്യൽ സ്കൂൾ അധ്യാപക സംഘടനകളെ ഉൾപ്പെടുത്താതെയാണ് ഉദ്യേഗസ്ഥർ ഈ പരിപാടി നടത്തിയത്.പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകൃത സ്പെഷ്യൽ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാത്രമെ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിയമം ഇരിക്കെ സാധാരണ വിദ്യാലയത്തിലെ ഭിന്നശേഷി കുട്ടികളെയും ഈ കലോത്സവത്തിൽ തിരുങ്ങി കയറ്റാൻ ശ്രമിക്കുന്നു എന്ന വാദവും ഉയരുന്നുണ്ട്. ഒക്ടോബർ 12 ന് മുമ്പ് ജില്ലാ കലോത്സവം നടത്തി വിജയികളുടെ ലിസ്റ്റ് എത്തിക്കാൻ അറിയിപ്പ് കിട്ടീട്ടും വളരെ താമസിച്ചാണ് കലോത്സവം നടത്തിയത് എന്ന ആക്ഷേപം ഉയരുന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റ് പോലും നൽകാതെയാണ് ഉദ്യോഗസ്ഥർ ഇറങ്ങി പോയത്. ഏറ്റവും പരിഗണന വേണ്ട വിഭാഗത്തിലെ കുട്ടികളോട് ഉദ്യോഗസ്ഥർ കാണിക്കുന്ന കടുത്ത അനീതിയുടെ അടയാളമാണിത്. ഭിന്നശേഷി കലോത്സവത്തിലെ മാന്വൽ തിരുത്താതെ ഇനിയുള്ള കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനാകില്ലന്നാണ് സ്പെഷ്യൽ സ്കൂൾ അദ്യാപകരുടെയും രക്ഷിതാക്കള വാദം. ജില്ലാ കലോത്സവത്തിന്റെ പിഴവ് ചൂണ്ടികാട്ടി രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാഭ്യാസ മന്ത്രിക്കും ഡി പി ഐ ക്കും കത്ത് കൊടുക്കാൻ ഒരുങ്ങുകയാണ്.
Post Your Comments