ചെന്നൈ / ന്യൂഡൽഹി: മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ ‘നല്ല ഹിന്ദുക്കൾ’ ആഗ്രഹിക്കുന്നില്ലെന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവേ ആണ് ശശി തരൂർ തന്റെ അഭിപ്രായം പങ്കുവെച്ചത്. ‘രാമന്റെ ജന്മസ്ഥലമായി അതിനെ ഹിന്ദുക്കൾ കാണുന്നുണ്ടെന്ന് തീർച്ചയായും എനിക്കറിയാം. മിക്ക ഹിന്ദുക്കളും അവിടെ രാമക്ഷേത്രം ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ നല്ല ഹിന്ദുക്കൾ മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ ആഗ്രഹിക്കുകയില്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനെതിരെ ബിജെപി വക്താവ് സംപിത് പത്ര രൂക്ഷമായി പ്രതികരിച്ചു: ‘ഈ പരാമർശം കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും തനിനിറം വെളിവാക്കിയിരിക്കുന്നു. അവർ ഹിന്ദുവിരുദ്ധരാണ്.’ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ പോയി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രാഹുൽ പ്രച്ഛന്ന വേഷം ആടുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. സുബ്രഹ്മണ്യൻ സ്വാമി, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ തുടങ്ങിയവരും തരൂർ, രാഹുൽഗാന്ധി എന്നിവരെ വിമർശിച്ചു. എന്നാൽ തന്റെ അഭിപ്രായം വളരെ വ്യക്തിപരമായിരുന്നു എന്നും ചില മാധ്യമങ്ങൾ അതിനെ വളച്ചൊടിച്ചു വിവാദമാക്കിയതാണെന്നും ശശി തരൂർ പ്രതികരിച്ചു.
Post Your Comments