തിരുവനന്തപുരം. പതിനേഴുകാരിയായ മകളെ കാണാനില്ലന്ന പരാതിയുമായി വെള്ളറട പൊലീസില്‍ എത്തിയ അമ്മ ഒടുവില്‍ പോക്സോ കേസില്‍ അകത്തായി. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ഉണ്ടായത് വെള്ളറട എസ് ഐ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ്. തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ എത്തിയ മധ്യവയസ്ക്ക പൊട്ടിക്കരഞ്ഞു കൊണ്ടാണ് എസ് ഐ ക്കു മുന്നില്‍ കാര്യങ്ങള്‍ പറഞ്ഞത്. ‘രണ്ടു ദിവസമായി തന്റെ മകളെ കാണാനില്ല, കൂട്ടുകാരുടെ വീട്ടിലും ബന്ധു വീട്ടിലും തിരക്കി ഒരു വിവരവും ഇല്ല.’
‘സാറ് എങ്ങനെയെങ്കിലും മകളെ കണ്ടെത്താന്‍ സഹായിക്കണം’ എന്നായിരുന്നു പരാതി. സംഭവം അന്വേഷിച്ച പോലീസ് മകള്‍ പഠിച്ച സ്‌ക്കൂളിലും ട്യൂഷന്‍ സെന്ററിലും ഒക്കെ വിവരങ്ങൾ അന്വേഷിച്ചു. ഇവരിൽ നിന്നും കിട്ടിയ വിവരങ്ങൾ വെച്ച് അവള്‍ക്ക് ഒരു കാമുകന്‍ ഉണ്ടെന്ന് പൊലീസിന് മനസിലായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 17 കാരിയേയും കാമുകനെയും സുഹൃത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു .പെണ്‍കുട്ടിയുടെ ജനനത്തിയതി പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായി.
മകളെയും കാമുകനെയും കണ്ടെത്തിയ കാര്യം പൊലീസ് അറിയിച്ചതനുസരിച്ച് വീട്ടമ്മയും സ്റ്റേഷനില്‍ എത്തി. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് വാദി പ്രതിയാകുന്ന യഥാര്‍ത്ഥ ചിത്രം പുറത്തറിയുന്നത്. ഈ 17 കാരി അമ്മക്കും അനുജത്തിക്കും ഒപ്പമാണ് കഴിഞ്ഞു വന്നത്. അമ്മയുടെ സ്വഭാവദൂഷ്യം കാരണം 4 വര്‍ഷം മുന്‍പ് പിതാവ് ഉപേക്ഷിച്ചു പോയി. അതിന് ശേഷം അമ്മയെക്കാള്‍ പ്രായ കുറവുള്ള ഒരാള്‍ വീട്ടില്‍ വന്നു പോയി തുടങ്ങി.പിന്നീട് അമ്മ തന്നെ പറഞ്ഞു അത് രണ്ടാനച്ഛനാണന്ന് . വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്ന അയാള്‍ വല്ലപ്പോഴുമാണ് വീട്ടില്‍ വന്നിരുന്നെതെങ്കില്‍ പിന്നീട് സ്ഥിരമായി തങ്ങി.
ഇതിനിടെ അയാളെ കല്യാണം കഴിക്കാന്‍ അമ്മ തന്നെ മകളെ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നതോടെ പീഡനം തുടര്‍ന്നു. അയാള്‍ക്ക് അനിയത്തിയേയും നോട്ടമുണ്ടായിരുന്നു. എല്ലാത്തിനും പിന്തുണ നല്‍കി അമ്മ ഒപ്പം കൂടി. ശല്യവും പീഡനവും സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വീടുവിട്ടിറങ്ങിയത്. തമിഴ്‌നാട്ടിൽ വച്ചാണ് രണ്ടാനച്ഛന്റ അതിക്രമം പെണ്‍കുട്ടി നേരിട്ടത് അതിനാല്‍ കേസിന്റെ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറാനും വെള്ളറട പൊലീസ് ആലോചിക്കുന്നുണ്ട്.
പഠന സമയത്തെ കാമുകനെ വിളിച്ചു വരുത്തി അര്‍ദ്ധ രാത്രി വീട്ടില്‍ നിന്നും ഒളിച്ചോടി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലാണ് ഞങ്ങള്‍ക്ക് അഭയം കിട്ടിയത്.അവിടെ ഒറ്റമുറിയില്‍ അവര്‍ക്കൊപ്പം തന്നെ ഞങ്ങള്‍ക്കും ഉറങ്ങേണ്ടി വന്നു. ഇതിനിടയില്‍ ആരുമറിയാതെ കാമുകനായ അനൂപ് തന്നെ ലൈംഗികമായി ഉപയോഗിച്ചു. സുരക്ഷിതത്വം കരുതിയാണ് കാമുകനൊപ്പം വീടുവിട്ടതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. രണ്ടാനച്ഛന് വേണ്ടി മകളെ ലൈംഗികതക്ക് പ്രേരിപ്പിച്ചതിന് പെണ്‍കുട്ടിയുടെ അമ്മക്ക് എതിരെയും ലൈംഗിക ചൂഷണത്തിന് കാമുകന്‍ അനൂപിനെതിരെയും വെള്ളറട പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
Post Your Comments