KeralaLatest News

സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓര്‍ഡിനന്‍സ് അടക്കമുള്ളവകൊണ്ട് കഴിയില്ല; കാരണങ്ങൾ നിരത്തി മുഖ്യമന്ത്രി

2006-ല്‍ ആര്‍എസ്എസിന്റെ ഭാഗമായി നില്‍ക്കുന്നവരാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയത്

തിരുവനന്തപുരം: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ മറ്റൊരു ഓര്‍ഡിനനന്‍സുകൊണ്ടോ നിയമനിര്‍മാണംകൊണ്ടോ മറികടക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിധിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനവിരുദ്ധമായ ഒരു കാര്യം എന്ന് കോടതി പറഞ്ഞതിനെ നിയമം കൊണ്ട് മറികടക്കാന്‍ സാധാരണ ഗതിയില്‍ സാധിക്കില്ലെന്ന് നിയമ പരിജ്ഞാനമില്ലാത്തവര്‍ക്കും അറിയാവുന്ന കാര്യമാണ്. 10 നും 50 നും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാതിരുന്നാല്‍ അത് ഭരണഘടനാ ലംഘനമാണെന്നും അയ്യപ്പ ഭക്തര്‍ ഒരു പ്രത്യേക മതവിഭാഗമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2006-ല്‍ ആര്‍എസ്എസിന്റെ ഭാഗമായി നില്‍ക്കുന്നവരാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി. ഇതിനാല്‍ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കേണ്ടി വന്നു . 2011-ല്‍ എല്‍ഡിഎഫ് മാറി യുഡിഎഫ് വന്നു. യുഡിഎഫ് ഭരിച്ച അഞ്ച് വര്‍ഷത്തിന്റെ അവസാനം വരെ നേരത്തെയുള്ള സത്യവാങ്മൂലം മാറ്റാന്‍ തയ്യാറായില്ല. എല്ലാം പരിശോധിച്ച് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി എന്താണോ അത് നടപ്പാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവര്‍ പുതിയ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതി വിധി എന്താണോ അത് നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകള്‍ പോകേണ്ട എന്ന് കോടതി വിധിച്ചാല്‍ അതിനൊപ്പവും നില്‍ക്കും. അതുകൊണ്ടാണ് പുനഃപരിശോധന ഹര്‍ജിക്ക് സര്‍ക്കാര്‍ പോകുന്നില്ല എന്ന് പറഞ്ഞത്. ഏത് വിശ്വാസിക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സഹായിക്കുന്ന ഉറച്ച നിലപാടുള്ളവരാണ് സർക്കാർ. ഞങ്ങളുടെ വിശ്വാസമനുസരിച്ചേ ജീവിക്കാന്‍ പാടുള്ളൂ നിന്റെയൊന്നും വിശ്വാസം ഇവിടെ പാടില്ലെന്ന് പറഞ്ഞ് ആക്രമിച്ചവരെ നേരിടാന്‍ ഞങ്ങള്‍ അറച്ചു നിന്നിട്ടില്ല. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതില്‍ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സമീപനവും അങ്ങനെയായിരുന്നു. എന്നാൽ പെട്ടെന്ന് ഇതെല്ലാം മാറിമറിഞ്ഞു. കോണ്‍ഗ്രസിന്റെ മനസ്സ് രൂപപ്പെട്ട് വരുന്നതിനെക്കുറിച്ച് ചിന്തിക്കണം. ആര്‍എസ്എസ് മനസ്സ് രൂപപ്പെട്ടു. എസ്.എന്‍.ഡി.പി, കെ.പി.എം.എസ്, ആദിവാസി ഗോത്രമഹാ സഭ തുടങ്ങിയ സംഘടനകള്‍ യാഥാര്‍ത്ഥ്യത്തോടൊപ്പം നിന്നതായും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button