തിരുവനന്തപുരം: മലയാളികളെ മുഴുവന്‍ കണ്ണീരണിയിച്ച് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും ഈ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ഇതിനിടെ പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലക്ഷ്മിയുടെ ഇപ്പോഴത്തെ ആരോഗ്യനില അതീവ ദയനീയമാണ് എന്ന പേരില്‍ ചില വീഡിയോകള്‍ യൂട്യൂബിലടക്കം പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇത്തരം പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഡോക്ടര്‍ സുല്‍ഫി നൂഹു ആണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങളുമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ‘ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമെന്ന് ഡോക്ടര്‍മാര്‍, കാരണം ഞെട്ടിക്കും’ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.
2 ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലില്‍ ആണ് പ്രചാരണം.ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ ചിത്രമടക്കം ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതിനെതിരെ ഡോക്ടര്‍ സുല്‍ഫി നൂഹു രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. എന്തും വിളിച്ച് പറയാനുളള വേദിയല്ല സമൂഹമാധ്യമങ്ങള്‍ എന്ന് ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
ലക്ഷ്‌മി ബാലഭാസ്കരുടെ ചികിത്സ പുരോഗതിയെ കുറിച്ചു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ യൂ ട്യൂബില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. എതാണ്ട് 4 ലക്ഷം ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞ വിഡിയോയില്‍ എന്റെ ഫോട്ടോയും അനധികൃതമായി ഉപയോഗിച്ചിരിക്കുന്നതായി കണ്ടിരിക്കുന്നു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല സമൂഹമാധ്യമങ്ങള്‍. യൂ ട്യൂബ് അധികൃതരുടെ ശ്രദ്ധയില്‍ ഇതു കൊണ്ട് വന്നിട്ടുണ്ട്. സൈബര്‍ സെല്ലിലും പരാതി നല്‍കുന്നതാണ് എന്നാണ് പോസ്റ്റ് .
ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച് ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി ഫേസ്ബുക്ക് ലൈവില്‍ പറയുന്നത് ഇങ്ങനെ: സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ച് തന്നോട് അന്വേഷിക്കുന്നുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്.അതൊരു വലിയ അപകടമായിരുന്നത് കൊണ്ട് തന്നെ പൂര്‍ണമായും ആരോഗ്യനില ശരിയാകാന്‍ കുറച്ച് സമയമെടുത്തേക്കും. ലക്ഷ്മി ഇപ്പോള്‍ ഐസിയുവില്‍ ആണ്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷ്മിയെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റും.
നമ്മള്‍ അതിനായി കുറച്ച് കൂടി കാത്തിരിക്കണം. ലക്ഷ്മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.മാനസികമായും ശാരീരികമായും ലക്ഷ്മിക്ക് കരുത്ത് നല്‍കാന്‍ നമ്മളെല്ലാവരും പ്രാര്‍ത്ഥിക്കണം. ലക്ഷ്മിയുടേയും ബാലയുടേയും കുടുംബത്തിന് ശക്തി ലഭിക്കാന്‍ കൂടി എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നാണ് സ്റ്റീഫന്‍ ദേവസ്സി ഫേസ്ബുക്ക് ലൈവില്‍ ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും ഗായകനും കൂടിയായ ഇഷാന്‍ ദേവും ലക്ഷ്മിയെക്കുറിച്ചുളള വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments