സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരിട്ടെത്തി സംസാരിച്ചിട്ടും രണ്ടാമൂഴം ചിത്രത്തില്‍ നിന്നും പിന്മാറാനുറച്ച് എം.ടി വാസുദേവന്‍ നായര്‍. മഹാഭാരതത്തിലെ ഭീമ സേനനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള കഥയുടേയും അതിനെ ആസ്പദമാക്കി എം ടി തന്നെ രചിച്ചിട്ടുള്ള തിരക്കഥയുടേയും സിനിമാ പകര്‍പ്പവകാശം ശ്രീകുമാര്‍ മേനോന് നൽകിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതില്‍ അകാരണമായ താമസം നേരിടുന്നതിനെച്ചൊല്ലി എം ടി ആ കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. കോഴിക്കോടുള്ള എം ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട ശ്രീകുമാര്‍ ഏതാണ്ട് ഇരുപതു മിനിറ്റോളം സംസാരിച്ചു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എം ടി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഒകേ്ടാബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് താൻ പിന്മാറുന്നതായി എം.ടി അറിയിച്ചത്. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി. കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരികെ നൽകണമെന്നും അഡ്വാൻസ് തുക തിരികെ നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
അതേസമയം എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാത്തത് തന്റെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ശ്രീകുമാർ മേനോൻ രംഗത്ത് വന്നിരുന്നു. ഒരുപാട് രാജ്യാന്തര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശിച്ചിരുന്നു. മുന്‍പ് സ്ഥിരമായി എംടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments