വടകര: മോർഫിംഗ് കേസ് ഇരകൾക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരിലാണ് ഇരകളുൾപ്പെടെ 12 പേർക്കെതിരെ പൊലീസ് കേസെടുത്തത്.
വടകരയിൽ വിവാഹത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വീട്ടമ്മമാരുടെ പരാതിയിൽ ആദ്യം മെല്ലെപോക്ക് നയം സ്വീകരിച്ച പൊലീസ് നടപടി ശക്തമായ വിമർശനം നേരിട്ടു.
പരാതി നൽകി ആഴ്ച്ചകൾ കഴിഞ്ഞിട്ടും പ്രധാന പ്രതിയെ പിടികൂടാതിരുന്ന പൊലീസിന്റെ അനാസ്ഥയക്കെതിരെ ഏപ്രിൽ മൂന്നിന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടന്നു. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം തികച്ചും സമാധാനപരമായിരുന്നു.
പക്ഷേഈ പ്രകടനത്തിന്റെ പേരിൽ പരാതിക്കാരായ രണ്ട് വീട്ടമ്മമാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ 10 പേർക്കെതിരെയും നടപടി എടുത്തു. അന്യായമായി സംഘം ചേരൽ, കലാപത്തിന് ശ്രമിക്കൽ, ഗതാഗത തടസം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കേസിൽ അറസ്റ്റിലായ വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്റർ ബിബീഷ്, ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവർക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. കേസിൽ പൊലീസ് ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
എന്നാൽ അന്വേഷണം മന്ദഗതിയിൽ നീക്കുന്ന പൊലീസ് ഇരകളെ വേട്ടയാടാൻ ശ്രമിക്കുകയാണെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെ കേസെടുത്തത് സ്വാഭവിക നടപടി ക്രമം മാത്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം.
Post Your Comments