ന്യൂ ഡൽഹി : മീ ടു ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എം.ജെ.അക്ബര്‍. മാധ്യമപ്രവര്‍ത്തകനായിരിക്കെ താന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അക്ബര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എനിക്കെതിരായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കള്ളങ്ങള്‍ക്ക് കാലുകളില്ല. എന്നാല്‍ അതിലെ വിഷത്തിന് ഒരാളെ തളര്‍ത്താനാകുമെന്നും ഇപ്പോള്‍ എനിക്ക് നേരെ നടക്കുന്നത് അതാണെന്നും അക്ബര്‍ പറഞ്ഞു. എന്നാൽ പ്രസ്താവനയില്‍ രാജിവയ്ക്കുന്നതിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.
അക്ബറിനെതിരെ 8 മാധ്യമപ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമുള്ളത്. എം.ജെ അക്ബറിനെതിരെ ബിജെപിയില്‍ അതൃപ്തിയുണ്ട്. അക്ബര്‍ തുടരുന്നത് ശരിയല്ലെന്ന് ചില മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടു.
Post Your Comments